കോടതി വളപ്പിലെ പോലിസ്- അഭിഭാഷക സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്
സംഘര്‍ഷത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, അഭിഭാഷക സംഘടനകള്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി വളപ്പില്‍ പോലിസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്വമേധയാ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി. മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്ല്‍ വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെട്ടത്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംഘര്‍ഷത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, അഭിഭാഷക സംഘടനകള്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്കും ഉത്തരവായി.
രണ്ട് എഎസ്‌ഐമാരെ സസ്‌പെന്റ് ചെയ്യാനും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുമാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. അക്രമത്തില്‍ പരിക്കേറ്റ അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി ഡല്‍ഹി പോലിസിനോട് നിര്‍ദേശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തീസ് ഹസാരി കോടതി വളപ്പില്‍ പോലിസുകാരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയത്. 20 പോലിസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ 12 ബൈക്കുകളും എട്ട് വാനുകളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിനുശേഷം അഭിഭാഷകരും പോലിസും തമ്മില്‍ അഞ്ചുമണിക്കൂര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വകുപ്പുകള്‍പ്രകാരം കേസെടുക്കാന്‍ തീരുമാനമായിരുന്നു. ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കേസില്‍ അന്വേഷണവും ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണ്‍ വീഡിയോകള്‍ സമര്‍പ്പിക്കാനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി സമുച്ചയത്തില്‍ കനത്ത പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാരുമായും ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. ഇതിനു പിന്നാലെയാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരോട്, വാദം ആരംഭിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. അതേസമയം, പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും. ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെയും തീരുമാനം. പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുണ്ട്.

