കള്ളപ്പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പരാതി

ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയത്.

Update: 2021-05-29 05:46 GMT

പാലക്കാട്: കൊടകരയില്‍ ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കുഴല്‍പ്പണം കവര്‍ച്ച ചെയ്തതിനു പിന്നാലെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. തിരഞ്ഞെടുപ്പ് കാലത്ത് റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നും അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്. ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ വഴി പണം എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് പണം ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവന്നാല്‍ പോലിസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിപക്ഷ എംഎല്‍എമാരെയും എംപിമാരെയും വിലയ്‌ക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തില്‍ അത് ഒരിക്കലും സാധ്യമാവാത്ത തിനാല്‍ വോട്ടര്‍മാരെ വിലയ്‌ക്കെടുക്കുന്നതിന് വേണ്ടി ബിജെപി പണം ഉപയോഗിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. സര്‍ക്കാറിനെതിരായ ഗൂഢാലോചനയും സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള നീക്കവുമാണ് നടത്തിയത്. അതിനാല്‍ സര്‍ക്കാറിനെതിരായ ഗൂഢാലോചനയ്ക്കു കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

    തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഐസക് വര്‍ഗീസ് നേരത്തേ പരാതി നല്‍കിയിരുന്നു. കൊടകരയിലെ കള്ളപ്പണ കേസിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷണിക്കണമെന്ന് പുതിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കി.

    അതിനിടെ, കൊടകരയില്‍ ബിജെപിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൈമാറിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് അന്വേഷണസംഘം തേടുന്നത്. കഴിഞ്ഞ ഞായറാഴ്ച ഹാജരാവാന്‍ ഗിരീഷിന് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് തൃശൂരില്‍ എത്താന്‍ നിര്‍ദേശം നല്‍കിയത്. പോലിസ് ക്ലബ്ബില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം ഗിരീഷിനെ ചോദ്യം ചെയ്യും. ഇന്നലെ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ട കാര്യം ഗണേഷ് നിഷേധിച്ചിട്ടില്ലെന്നാണു റിപോര്‍ട്ട്.

Helicopter used to smuggle money; Complaint against BJP state president K Surendran



Tags:    

Similar News