സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, മൂന്ന് മരണം

പല നദികളും കരകവിഞ്ഞൊഴുകുകയാണ്. കൊല്ലത്ത് മലയോര മേഖലയില്‍ മഴക്കടുതി രൂക്ഷമാണ്. തൃശൂരിലും പാലക്കാട്ടും കോഴിക്കോടും കനത്ത മഴ തുടരുകയാണ്.

Update: 2021-10-12 06:42 GMT

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകനാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ മഴക്കെടുതിയില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലപ്പുറം കരിപ്പൂരിലാണ് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചത്. റിസ്‌വാന (8 വയസ്), റിന്‍സാന (7 മാസം) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകര്‍ന്നത്. ഇയാളുടെ പേരക്കുട്ടികളാണ് മരിച്ചത്. വീടിന്റെ പിന്‍ഭാഗത്തേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് വീട് തകരുകയായിരുന്നു.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് മരിച്ച കുട്ടികള്‍

 ഗുരുതരമായി പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കൊല്ലം തെന്‍മലയില്‍ ഒഴുക്കില്‍പ്പെട്ട് വയോധികന്‍ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് മരിച്ചത്. വീട്ടിലേക്ക് പോവുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ദേശീയപാതയില്‍ ഉള്‍പ്പെടെ വെള്ളം കയറിയും മണ്ണിടിഞ്ഞും മരംവീണും പലയിടത്തും രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. കൊല്ലത്ത് മലയോര മേഖലയില്‍ മഴക്കടുതി രൂക്ഷമാണ്. തൃശൂരിലും പാലക്കാട്ടും കോഴിക്കോടും കനത്ത മഴ തുടരുകയാണ്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴ നിര്‍ത്താതെ തുടരുകയാണ്. കോഴിക്കോട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

ഇളങ്കാട്- വാഗമണ്‍ റോഡില്‍ മേലേത്തട ഭാഗത്ത് റോഡ് ഇടിഞ്ഞുവീണപ്പോള്‍

 പലയിടത്തും രൂക്ഷമായ വെള്ളപ്പെട്ടാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രിയും ഇന്നും നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസ്സപ്പെട്ടു. കുന്തിപ്പുഴ അടക്കമുള്ളവയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുല്ലൂരില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകളില്‍നിന്നും വെള്ളം തുറന്നുവിട്ടതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. ചാലക്കുടിയില്‍ ഏഴ് പഞ്ചായത്തുകളില്‍നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊല്ലം ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

കൂമ്പാറ പുഴയിലെ മലവെള്ളപ്പാച്ചില്‍

 പുനലൂരില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി. ഇതില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുനലൂര്‍ മൂവാറ്റുപുഴ റോഡ് നിര്‍മാണത്തിനിടെ ഹിറ്റാച്ചി തോട്ടിലേക്ക് മറിഞ്ഞു. അഞ്ചല്‍- ആയൂര്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം -ചെങ്കോട്ട റെയില്‍ പാതിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഏറെ നേരം റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് വലിയതോതില്‍ ഉയരുകയാണ്. ഇളങ്കാട് വാഗമണ്‍ റോഡില്‍ മേലേത്തട ഭാഗത്ത് റോഡ് ഇടിഞ്ഞുവീണു. മുരളി അറയ്ക്കല്‍ എന്നയാളുടെ വീടിന് അപകട ഭീഷണിയുണ്ടായിട്ടുണ്ട്.

അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണപ്പോള്‍

 കുടുംബത്തെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. ആലുവാ പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇതെത്തുടര്‍ന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതര്‍പ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറിയെങ്കിലും പെരിയാറിന്റെ മറ്റ് പ്രദേശങ്ങളില്‍ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. ഒഴുക്ക് ഗണ്യമായി വര്‍ധിച്ചതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുത്തന്‍വേലിക്കര/കുന്നുകര/ചേന്ദമംഗലം പഞ്ചായത്തുകളില്‍ ആളുകളെ മാറ്റി താമസിപ്പിക്കേണ്ടിവന്നാല്‍ ആവശ്യമായ ക്യാംപുകള്‍ പൂര്‍ണസജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കി.

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍

 ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാന്‍ഡര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ 22 അംഗ സംഘമാണ് എത്തിയത്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് ക്യാംപ്. ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അട്ടപ്പാടി മന്ദന്‍പൊട്ടി പാലത്തിന് മുകളില്‍ വെള്ളം കയറിയപ്പോള്‍

 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെയാണ് നിരോധനം. രാത്രി 7 മുതല്‍ പുലര്‍ച്ചെ ആറ് വരെ അവശ്യസര്‍വീസ് അല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Tags:    

Similar News