മഴക്കെടുതി: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം; ദുരിതബാധിതര്‍ക്ക് ആദ്യഘട്ടം 10,000 രൂപ

പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കുക

Update: 2019-08-14 06:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിക്കിരയായവര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ സഹായധനവും വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യഘട്ട സഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷം തുക വിതരണം ചെയ്യും. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കുക. കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 10000 രൂപ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ വീഴ്ചകള്‍ ഉള്‍ക്കൊണ്ട് കുറ്റമറ്റ രീതിയില്‍ സഹായം വിതരണം ചെയ്യും. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങള്‍ക്കും തുക ലഭിക്കും. സഹായധനം പരമാവധി രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

    വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. ഭാഗികമായി തകര്‍ന്ന വീടുകളുടെ ശതമാനക്കണക്കനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. വാസയോഗ്യമല്ലാത്ത രീതിയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന വീടുകള്‍ക്കാണ് നാലുലക്ഷം. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപ ലഭിക്കും. ഇവര്‍ക്ക് വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപ ലഭിക്കും. അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിരാവണ അതോറിറ്റിക്കാണ് ഇതിന്റെ ചുമതല. പ്രളയബാധിത കുടുംബങ്ങള്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കും. നിലവില്‍ സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ക്ക് ഇത് ലഭിക്കില്ല.    

    സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന എടുത്തുകളയാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതും അത് കൈമാറുന്നതും സംബന്ധിച്ച് ഈടാക്കുന്ന എക്‌സ്‌ചേഞ്ച് ചാര്‍ജ്ജ് എടുത്തുകളയാനും ബാങ്കുകളോട് ആവശ്യപ്പെടും. വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണു തീരുമാനം. ബുധനാഴ്ച ഒരു മൃതദേഹം കൂടി കവളപ്പാറയില്‍നിന്ന് കണ്ടെത്തി. നിലവില്‍ കവളപ്പാറയില്‍നിന്ന് 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇനി 33 പേരെ കണ്ടെത്താനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നു വീണ്ടും മഴ തുടങ്ങി.




Tags: