ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരിച്ച കുട്ടികളുടെ എണ്ണം 103 ആയി -ആക്കംകൂട്ടിയത് പട്ടിണിയും കൊടും ചൂടും

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടിസ് അയച്ചു. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.

Update: 2019-06-18 06:02 GMT

ബിഹാര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ മരിക്കാന്‍ ഇടയാക്കിയത് പട്ടിണിയും കൊടും ചൂടുമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുരുന്നുകളാണ്. പോഷകാഹാരക്കുറവാണ് കുരുന്നുകളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വേണ്ട രീതിയിലുളള ബോധവത്കരണത്തിന്റെ കുറവും പ്രാദേശികമായ ചികിത്സാ സൗകര്യത്തിന്റെ അഭാവവും രോഗം വ്യാപിക്കാന്‍ കാരണമായി. ഇതു വരെ ഈ വര്‍ഷം ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി. മുന്നൂറിനടുത്ത് കുട്ടികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. വീണ്ടും ചില കുട്ടികളെ കൂടി മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടിസ് അയച്ചു. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.

അതേസമയം, കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡ്യക്കുമെതിരെ സാമൂഹ്യപ്രവര്‍ത്തകയായ തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിരിക്കുകയാണ്. മസ്തിഷ്‌കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിട്ടില്ല, അശ്രദ്ധ മൂലമാണ് ഇത്രയും കുട്ടികള്‍ മരിക്കാനിടയായത് എന്നതൊക്കെ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുസഫര്‍പൂര്‍ കോടതി ഈ മാസം 24ന് ഹര്‍ജി പരിഗണിക്കുന്നുണ്ട്.

ജൂണ്‍ ആദ്യവാരമാണ് മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. കേജ്‌രിവാള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 17 കുട്ടികളും മരിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. കുട്ടികളെ വെയിലേല്‍ക്കാന്‍ അനുവദിക്കരുതെന്നും ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News