ഹാഥ്റസ് എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ നിന്നു മുക്കി സിബിഐ; കേസ് ഏറ്റെടുത്തെന്ന വാർത്താക്കുറിപ്പും കാണാനില്ല
പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാഥ്റസിലെ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്.
മുംബൈ: അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഹാഥ്റസ് കേസിന്റെ എഫ്ഐആര്‍ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്ത് സിബിഐ. ഹാഥ്റസ് കേസ് സിബിഐ ഏറ്റെടുത്തെന്ന വാര്‍ത്താക്കുറിപ്പും വെബ്‌സൈറ്റില്‍ നിന്നു നീക്കി.
പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാഥ്റസിലെ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ് സി, എസ് ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്ഐആര്‍ തയാറാക്കുകയും ചെയ്തിരുന്നു.
ബലാത്സംഗം, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയവയാണ് കേസിലെ കുറ്റകൃത്യങ്ങളെന്ന് സിബിഐയുടെ ഗാസിയാബാദ് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എഫ്‌ഐആറും പത്രക്കുറിപ്പും സിബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ നീക്കം ചെയ്തത്. നിലവില്‍ പത്രക്കുറിപ്പിന്റെ ലിങ്ക് തുറന്നാലും വിവരങ്ങള്‍ ലഭ്യമാവില്ല.
പ്രതികള്‍ക്കെതിരേ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാര്‍ത്താക്കുറിപ്പ് വെബ്‌സൈറ്റില്‍ പിന്നീട് അപ് ലോഡ് ചെയ്തിട്ടുണ്ട്. യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുത്തത്. സെപ്തംബര്‍ 14നാണ് ഹാത്രസിലെ ചാന്ദ്പ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ ബലാത്സംഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
