ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് അറസ്റ്റില്‍

Update: 2022-05-01 05:54 GMT

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പോലിസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപില്‍ വച്ചാണ് പോലിസ് അറസ്റ്റുരേഖപ്പെടുത്തിയത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത്.

ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലെത്തിച്ച് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാല്‍, സുരക്ഷ മുന്‍നിര്‍ത്തിയാണ് എആര്‍ ക്യാംപിലേക്കെത്തിച്ചത്. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എആര്‍ ക്യാംപിന് പുറത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പി സി ജോര്‍ജിനെ കൊണ്ടുപോയ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ജോര്‍ജിനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതിന് പിന്നാലെ കേന്ദ്ര സഹ മന്ത്രി വി മുരളീധരനും ബിജെപി നേതാക്കളും പി സി ജോര്‍ജിനെ കാണാനെത്തിയെങ്കിലും അനുമതി പോലിസ് നിഷേധിച്ചു. ജോര്‍ജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം കേന്ദ്രമന്ത്രി മടങ്ങി.

ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് ജോര്‍ജിനെതിരേ കേസെടുത്തത്. പി സി ജോര്‍ജിനെതിരേ നടപടിയാവശ്യപ്പെട്ട് എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഫോര്‍ട്ട് പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ഒന്നുവരെ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്നാവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. ജോര്‍ജിനെതിരേ യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Tags:    

Similar News