ദാനിഷ് സിദ്ദിഖിക്കെതിരേ വിദ്വേഷപ്രചാരണം; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

Update: 2021-07-18 07:21 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍, താലിബാന്‍- അഫ്ഗാന്‍ സംഘര്‍ഷം റിപോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കൊല്ലപ്പെട്ട ദാനിഷ് സിദ്ദിഖിക്കെതിരേ സാമൂഹികമാധ്യമങ്ങള്‍ വിദ്വേഷപ്രചാരണം. സിദ്ദിഖിക്കെതിരേ നടക്കുന്നത് കനത്ത വംശീയപ്രചാരണമാണെന്നും ഇത്തരം നീക്കങ്ങള്‍ അസ്വസ്ഥത ജനകമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് അനുശോചന സന്ദേശത്തില്‍ പ്രതികരിച്ചു.

അഫ്ഗാനിസ്താനില്‍ കഴിഞ്ഞ വെളളിയാഴ്ചയാണ് യുദ്ധം റിപോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പുലിറ്റ്‌സര്‍ ഫോട്ടോജേര്‍ണലിസ്റ്റ് ജേതാവായ സിദ്ദിഖി കൊല്ലപ്പെട്ടത്.

സിദ്ദിഖിയുടെ മരണം മാധ്യമമേഖലക്ക് തീര്‍ത്താനാവത്ത നഷ്ടമാണെന്ന് ഗില്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

തെക്കേഷ്യയിലേയും മറ്റ് ചില പ്രദേശങ്ങളിലെയും യുദ്ധങ്ങളും മാനുഷികപ്രതിസന്ധികളും കലാപങ്ങളും സിദ്ദിഖി കഴിഞ്ഞ ഒരു ദശകമായി റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ മാസങ്ങളിലാണ് പുറത്തുവന്നത്- ഗില്‍ഡ് പറഞ്ഞു.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഫോട്ടോജേര്‍ണലിസത്തിന് ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ മരണം അദ്ദേഹത്തെയും യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തരെയും ഓര്‍മിക്കാനുള്ള അവസരമാണ്- അനുശോചന സന്ദേശത്തില്‍ പറയുന്നു.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഗ്ലോബല്‍ നെറ്റ് വര്‍ക്ക് മീഡിയ പ്രൊഫഷണല്‍സ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ സിദ്ദിഖിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.

സിദ്ദിഖിയുടെ കൊവിഡ്കാല ചിത്രങ്ങള്‍ ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ചില കുറിപ്പുകളില്‍ പറയുന്നത്. ഏതാനും മാസം മുമ്പ് കൊല്ലപ്പെട്ട ഹിന്ദുത്വ അനുകൂല മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ എടുത്ത നിലപാടുകള്‍ ഈ സമയത്ത് ചിലര്‍ ഉപയോഗപ്പെടുത്തി. എന്നാല്‍ ആ മരണത്തെ അവതരിപ്പിച്ച രീതിയുമായി സിദ്ദിഖിക്ക് ബന്ധമൊന്നുമില്ലെന്ന് ഗില്‍ഡ് ചൂണ്ടിക്കാട്ടി.



 


സിദ്ദിഖിയ്‌ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണത്തിനെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു. അഫ്ഗാനിസ്താനില്‍ തന്റെ ജോലി നിര്‍വഹിക്കുന്നതിനിടയില്‍ സിദ്ദിഖി കൊല്ലപ്പെട്ടത് വേദനാജനകമാണ്. തന്റെ ജോലി വൃത്തിയായി ചെയ്തയാളാണ് സിദ്ദിഖി. അതുകൊണ്ടാണ് ചിലര്‍ക്ക് അത് ബുദ്ധിമുട്ടായി തോന്നിയത്- ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

മരണം നടന്ന ഉടന്‍ ചിതയുടെ ചിത്രങ്ങള്‍ പല സാമൂഹികമാധ്യങ്ങളും തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. അതിനെ വിമര്‍ശിച്ചവരെ സിദ്ദിഖി ഹിന്ദുക്കളുടെ ചിതയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് കുറ്റപ്പെടുത്തി. കൊവിഡ് മൂലം മരണപ്പെട്ടവരുടെ ചിതകളുടെ ചിത്രങ്ങള്‍ സിദ്ദിഖ് പകര്‍ത്തിയിരുന്നു. സിദ്ദിഖിക്ക് സംഭവിച്ചത് കര്‍മഫലമാണെന്നാണ് മറ്റൊരു പ്രചാരണം.

ഇന്ത്യയെ ലോകത്തിനു മുന്നില്‍ സിദ്ദിഖി താറടിച്ചു കാണിച്ചുവെന്ന് എറി മൃദുല കാത്തര്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ കഴുകന്‍മാര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റൊരു അക്കൗണ്ട് വിമര്‍ശിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ആകാശചിത്രങ്ങള്‍ എടുത്ത് വിദേശമാധ്യമങ്ങള്‍ക്ക് വിറ്റു. ഇപ്പോള്‍ ആയാള്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ആ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവസാനം കര്‍മം വിജയിച്ചു- ഷ്രിറാജ് നായര്‍ എന്നയാള്‍ എഴുതിയത് ഇങ്ങനെ.

സിദ്ദിഖിയെ സംസ്‌കരിക്കുമ്പോള്‍ ആരും ഡ്രോണുകള്‍ പകര്‍ത്തരുത്. അവരുടെ കുടുംബം സ്വകാര്യമായി ദുഃഖമാചരിക്കട്ടെയെന്നായിരുന്നു മറ്റൊരു അക്കൗണ്ട് പരിഹസിച്ചത്.

Tags:    

Similar News