ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് 76679 ഏക്കർ; കേസ് നടക്കുന്നത് 29426 ഏക്കറിന് മാത്രം

എന്നാല്‍ കേസ് നിലനില്‍ക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണ് സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി പണം കൊടുത്ത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Update: 2021-10-07 09:17 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി െൈകവശം വച്ചിരിക്കുന്നത് 76769.80 ഏക്കര്‍ ഭൂമിയാണെന്നും അതില്‍ 29426 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനായി വിവിധ കോടതികളില്‍ ആറ് സിവില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി കെ രാജന്‍.

സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂര്‍-കൊച്ചി ഭരണാധികാരികള്‍ കര്‍ശന വ്യവസ്ഥയോടെ നല്‍കിയ പാട്ടഭൂമി 1984 ല്‍ രൂപംകൊണ്ട ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി 1985-2005 കാലയളവില്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി വില്‍പന നടത്തിയതിനെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ച ഉന്നതാധികാര സമിതിയാണ് 76769.80 ഏക്കര്‍ ഭൂമി ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഈ ഭൂമി പിടിച്ചെടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ നിയമനടപടികള്‍ സ്വീകരിച്ചെങ്കിലും കോടതിയില്‍ ഒരു കേസില്‍ പോലും വിജയം നേടാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നില്‍ കമ്പനി മാനേജ്‌മെന്റുമായി സര്‍ക്കാര്‍ നടത്തിയിരുന്ന ഒത്തുകൡയാണെന്ന ആരോപണവും വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി ആറ് കേസുകളാണ് നിലവില്‍ ഹാരിസണ്‍ മലയാളത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 2263.80 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനെതിരേയും കേസ് നിലനില്‍ക്കുന്നുണ്ട്. എല്ലാ കേസുകളും പെന്‍ഡിങ്ങിലാണെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍ കേസ് നിലനില്‍ക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണ് സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി പണം കൊടുത്ത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കൊല്ലം ജില്ലയില്‍ മാത്രമായി റിയ റിസോര്‍ട്‌സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് പുനലൂര്‍ സബ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ കേസുകള്‍ കോടതിയുടെ പരിഗണനയ്ക്ക് വരാതെ കെട്ടിക്കിടക്കുകയാണ്. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി ലിമിറ്റഡിനെതിരേ പത്തനംതിട്ട സബ് കോടതിയിലെ കേസും പെന്‍ഡിങ്ങിലാണ്.

അതേസമയം ഹാരിസൺസ് കമ്പനി അധികൃതർ ഇതുവരെ കോടതിയിൽ ഹാജരാക്കിയ 1923ലെ പ്രമാണ രേഖയിൽ 63 തിരിമറികൾ നടത്തിയെന്ന് ഫോറൻസിക് സയൻസ് ലാബിലെ (എഫ്എസ്എൽ) ആധികാരിക റിപോർട്ട് കഴിഞ്ഞ ആഴ്ച്ച പുറത്തുവന്നിരുന്നു. ഹാരിസൺസ് അധികൃതർ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ നിർണായക തെളിവായ ഈ റിപോർട്ട് മൂന്ന് വർഷത്തിലധികമാണ് മറച്ചുവെച്ചതെന്നതും സർക്കാർ ഹാരിസൺ കൂട്ടുകെട്ട് പകൽപോലെ വ്യക്തമാണ്.