'ഒലീവ് മരങ്ങളെ പോലെ പോരാളികളും വളരുന്നു'; തൂഫാനുല്‍ അഖ്‌സ വാര്‍ഷികത്തില്‍ അബു ഉബൈദയുടെ പ്രസംഗം

Update: 2024-10-08 05:37 GMT

ജെറുസലേം: പശ്ചിമേഷ്യയില്‍ ഇസ്രായേലും സഖ്യകക്ഷികളും സ്ഥാപിച്ച നിയമങ്ങളും ചട്ടങ്ങളും തകര്‍ത്തതായി അല്‍ ഖസ്സം ബ്രിഗേഡ് സൈനിക വക്താവ് അബു ഉബൈദ. തൂഫാനുല്‍ അഖ്‌സയുടെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഫലസ്തീനിലും പശ്ചിമേഷ്യയിലും നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ആര്‍ക്കും തങ്ങളെ ശിക്ഷിക്കാനാവില്ലെന്നുള്ള അവരുടെ കാഴ്ചപ്പാടുകള്‍ക്ക് വിള്ളലേറ്റതായും അദ്ദേഹം പറഞ്ഞു.

    ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രഫഷനലും വിജയകരവുമായ കമാന്‍ഡോ ഓപറേഷന് ഒരു വയസ്സ് തികഞ്ഞിരിക്കുകയാണ്. ജൂതകുടിയേറ്റം, അഖ്‌സയുടെ യഹൂദവല്‍ക്കരണം, യഥാര്‍ഥ അവകാശികളോട് ആക്രമണം എന്നിവ വര്‍ധിച്ചപ്പോഴാണ് തൂഫാനുല്‍ അഖ്‌സ ഉണ്ടായത്. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും പോരാളികള്‍ നേരിട്ടു. ആയിരക്കണക്കിന് ശത്രു സൈനികരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു.

    ഫലസ്തീനില്‍ നടത്തുന്ന ക്രൂരത മൂലം സയണിസ്റ്റുകള്‍ എല്ലാ രാജ്യങ്ങളുമായും അകന്നു. നമ്മുടെ ചെറുത്തുനില്‍പ്പ് അവരുടെ സുരക്ഷയും പ്രതിരോധ ശേഷിയും ഇല്ലാതാക്കി. ഇതോടെ ജൂതന്‍മാര്‍ നാടുവിടാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ സഹായത്താല്‍ മാത്രമാണ് ഇന്ന് അവര്‍ നിലനില്‍ക്കുന്നത്. അതും കാലക്രമേണ അറ്റുപോവും. സയണിസ്റ്റുകളുടെ എല്ലാ യുദ്ധസാമഗ്രികളും അമേരിക്കന്‍ നിര്‍മിതമാണ്.

    ലെബനാന്‍, യെമന്‍, ഇറാഖി ഡ്രോണുകള്‍ അധിനിവേശ ഫലസ്തീന്റെ ആകാശത്ത് കറങ്ങുകയും ശത്രുവിനെ ആക്രമിക്കുകയും വലിയ നഷ്ടം വരുത്തുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര യെമനിലെ മഹത്തായ ജനകീയ പ്രസ്ഥാനത്തെ ഞങ്ങള്‍ അഭിമാനത്തോടെ വിലമതിക്കുന്നു. ഫലസ്തീന്‍ ജനതയുടെ ഉന്മൂലനം, മുസ് ലിം, ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങളിലെ കൈയേറ്റം എന്നീ ഭീകരതകളുടെ ഗൗരവം വിശദീകരിക്കാനും ഉമ്മത്തിന്റെ പൊതുശത്രുവിനെതിരായ ജിഹാദി ബാധ്യത വിശദീകരിക്കാനും പണ്ഡിതര്‍ക്ക് ബാധ്യതയുണ്ടെന്നും അബു ഉബൈദ പറഞ്ഞു. കേവല ദുആകളുടെ ചടങ്ങില്‍ ഒതുങ്ങരുത് നിങ്ങള്‍. ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാനായി ഏറ്റവും വലിയ അറബ്, ഇസ് ലാമിക, അന്തര്‍ദേശീയ കാംപയിന്‍ ആരംഭിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

    വിമോചന പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ കൊലകള്‍ വിജയമായിരുന്നെങ്കില്‍ ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ കൊലപാതകത്തോടെ ചെറുത്തുനില്‍പ്പ് അവസാനിക്കുമായിരുന്നുവെന്നും അബു ഉബൈദ പറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപ്പെടുത്തിയ നേതാക്കളുടെ പേരുകള്‍ വഹിക്കുന്ന ആയുധങ്ങളാണ് ഇന്ന് ശത്രുവിനെതിരേ ഉപയോഗിക്കുന്നത്. ചെറുത്തുനില്‍പ്പിന്റെ സ്വഭാവം ശത്രുക്കള്‍ക്ക് മനസ്സിലാവുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇസ്മായില്‍ ഹനിയയുടെയും ഹസന്‍ നസ്‌റുല്ലയുടെയും രക്തസാക്ഷിത്വം. ഫലസ്തീന്‍ മണ്ണ് ഒലിവ് വളര്‍ത്തുന്നതുപോലെ പോരാളികളെയും വളര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: