പ്രാര്‍ത്ഥനാ നിരതരായി ഹാജിമാര്‍; ജംറയിലെ കല്ലേറുകര്‍മത്തിന് തുടക്കം

Update: 2022-07-09 06:11 GMT

മക്ക: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മത്തിലെ ഏറ്റവും തിരക്കുപിടിച്ച ദിനമാണ് ഇന്ന്. സുപ്രധാന ചടങ്ങായ അറഫാ സംഗമം കഴിഞ്ഞ് മടങ്ങിയ ഹാജിമാര്‍ ഇന്നലെ മുസ്ദലിഫയിലാണ് രാപ്പാര്‍ത്തത്. മിനായില്‍ചെന്ന് ശേഖരിച്ച ചെറുകല്ലുകളുമായി ജംറയിലെ സ്തൂപത്തിനരികിലെത്തി ഹാജിമാര്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് തുടങ്ങി. മനുഷ്യന്റെ ഉള്ളിലെ പൈശാചികതകളെ കല്ലെറിഞ്ഞോടിക്കുകയാണ് ഈ കര്‍മത്തിലൂടെ ഹാജിമാര്‍ ചെയ്യുന്നത്. തുടര്‍ന്ന് മസ്ജിദുല്‍ ഹറമിലെത്തുന്ന ഹാജിമാര്‍ കഅ്ബയെ വലയം ചെയ്യും.


 സഫ, മര്‍വ കുന്നുകള്‍ക്കിടയില്‍ സഹ്‌യും നിര്‍വഹിച്ച് ഹാജിമാര്‍ മിനായിലേക്ക് മടങ്ങും. ബലിപെരുന്നാള്‍ ദിനമായ ഇന്ന് ബലികര്‍മങ്ങളും ഹാജിമാര്‍ക്കുണ്ട്. ശേഷം ഹാജിമാര്‍ മുടിമുറിച്ച് ഹാജിമാര്‍ ഇന്ന് ശുഭ്രവസ്ത്രത്തില്‍നിന്ന് ഒഴിവാകും.


 ഇതോടെ പ്രധാന ചടങ്ങുകള്‍ അവസാനിച്ച് ഹജ്ജിന് അര്‍ധവിരാമമാവും. ഇനിയുള്ള മൂന്ന് ദിനങ്ങളില്‍ കല്ലേറ് കര്‍മം മാത്രമാണ് ഹാജിമാര്‍ക്കുണ്ടാവുക. മൂന്നുദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്‌കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും.


 ദുല്‍ഹജ്ജ് 13ന് കഅ്ബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്കു പരിസമാപ്തിയാവും. പത്തുലക്ഷം ഹജ്ജ് തീര്‍ത്ഥാടകരാണ് ഇത്തവണ അറഫയില്‍ സംഗമിച്ചത്. പശ്ചാത്താപവും, പ്രായശ്ചിത്തവും പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഓര്‍മപുതുക്കി അറഫ കണ്ണീരണിഞ്ഞു. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഈസയാണ് അറഫാ പ്രഭാഷണം നിര്‍വഹിച്ചത്.


 പൊരുത്തക്കേടിലേക്കും വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന എല്ലാത്തില്‍ നിന്നും അകന്നുനില്‍ക്കുക എന്നതാണ് ഇസ്‌ലാമിന്റെ മൂല്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇഹത്തിലും പരത്തിലും വിജയവും രക്ഷയും സന്തോഷവും നേടാനും ദൈവത്തെ ഭയപ്പെടാനും അവന്റെ കല്‍പ്പനകള്‍ അനുസരിക്കാനും ഉദ്‌ബോധിപ്പിച്ചു.

സല്‍സ്വഭാവം പൊതുജനങ്ങള്‍ക്കിടയില്‍ പൊതുമൂല്യമുള്ളതാണ്. അത് മുസ്‌ലിംകളും അല്ലാത്തവരും വിലമതിക്കും. വാക്കിലും പ്രവൃത്തിയിലും യുക്തിസഹമായ പെരുമാറ്റം വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News