ഹജ്ജ് 2020: 70 ശതമാനം അവസരം പ്രവാസികള്‍ക്ക്; 30 ശതമാനം സൗദികള്‍

Update: 2020-07-07 09:59 GMT

ദുബയ്: ജൂലൈ 28 മുതല്‍ ആഗസ്ത് രണ്ടുവരെ നടക്കുന്ന ഹജ്ജ് കര്‍മത്തിനുള്ള തീര്‍ത്ഥാടകരില്‍ 70 ശതമാനം അവസരം പ്രവാസികള്‍ക്കും ബാക്കി 30 ശതമാനം സൗദി പൗരന്‍മാര്‍ക്കുമായിരിക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജന്‍സി(എസ്പിഎ) വ്യക്തമാക്കി. സൗദി തീര്‍ഥാടകരില്‍ 30 ശതമാനം കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും. കൊറോണ വൈറസ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരശേഖരണം നടത്തിയാണ് ഇവരെ തിരഞ്ഞെടുക്കുകയെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും കൊറോണ വൈറസ് വ്യാപനം തടയാനുമായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

    ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ആരോഗ്യ പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി സുഗമമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കാന്‍ വിവിധ പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഏറ്റവും ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടത്താന്‍ സൗദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഹജ്ജ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    തീര്‍ത്ഥാടകരുടെയും ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും എല്ലാ പ്രതിരോധ നടപടികളും പാലിച്ചും ഹജ്ജ് സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മക്കയില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഹജ്ജ് വേളയില്‍ തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ പ്രോട്ടോക്കോളുകളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം കഅ്ബയിലെ ഹജറുല്‍ അസ് വദില്‍ ചുംബിക്കാനോ സ്പര്‍ശിക്കാനോ തീര്‍ത്ഥാടകരെ അനുവദിക്കില്ല. മാത്രമല്ല, ഹജ്ജിനു അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിട്ടുമാറാത്ത രോഗമുള്ളവരാവരുത്, കൊറോണയില്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കണം, ഇതിനു മുമ്പ് ഹജ്ജ് ചെയ്തവരാവരുത് തുടങ്ങിയ നിബന്ധനകളാണു മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.localhaj.haj.gov.sa വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 6 തിങ്കളാഴ്ച മുതല്‍ ജൂലൈ 10 വെള്ളിയാഴ്ച വരെയാണ് രജിസ്‌ട്രേഷന്‍ കാലയളവ്. ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് മുമ്പും ശേഷവും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ക്വാറന്റൈന്‍ പാലിക്കണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഉംറ മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Hajj 2020: 70 per cent of pilgrims will be expat residents, 30 per cent Saudi nationals

Tags:    

Similar News