ഹജ്ജ്: കേരളത്തില്‍നിന്ന് 1749 പേര്‍ക്ക് കൂടി അവസരം; മഹ്‌റം ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.

Update: 2019-04-20 14:45 GMT

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 1749 പേര്‍ക്ക് കൂടി അവസരം. സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.കാത്തിരിപ്പ് പട്ടികയില്‍ 648 മുതല്‍ 2402 വരെയുള്ളവരാണ് പുതുതായി അവസരം ലഭിച്ചവര്‍. ഇതോടെ ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 13,894 ആയി ഉയര്‍ന്നു.


അവസരം ലഭിച്ചവര്‍ ആദ്യഗഡുവായ 2,01,000 രൂപ അടച്ചതിന്റെ പേ ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം മേയ് രണ്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. മേയ് ഒമ്പതിനാണ് അവസരം ലഭിച്ചവരുടെ രേഖകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കേണ്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിച്ചിരുന്നു. 1,75,025 ആയിരുന്ന ക്വോട്ട രണ്ടു ലക്ഷമായാണ് വര്‍ധിപ്പിച്ചത്.

പുതുതായി ലഭിച്ച 24,975ല്‍ 14,975 സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ബാക്കിയുള്ളവ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് അനുവദിച്ചത്. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 എന്നത് 60,000 ആകും. പുതിയ ക്വോട്ട കൂടി ലഭിച്ചതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സീറ്റുകള്‍ 1,40,000 ആയി വര്‍ധിച്ചു.

നേരത്തേ 1,25,025 ആയിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട. പുതിയ ക്വോട്ടയില്‍ മഹാരാഷ്ട്രക്കും (2,387) ഉത്തര്‍പ്രദേശിനുമാണ് (2,154) കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. മൂന്നാംസ്ഥാനത്താണ് കേരളം.


ഹജ്ജ്: മഹ്‌റം ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈ വര്‍ഷത്തെ മഹ്‌റം ക്വാട്ടയിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ കണിച്ചു. പുരുഷന്‍മാര്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നീട് പോവാന്‍ മഹ്‌റമില്ലാത്ത സ്ത്രീകള്‍ക്കാണ് ഈ ക്വാട്ടയില്‍ അവസരം ലഭിക്കുക. ഇന്ത്യയിലാകെ 500 സീറ്റുകളാണ് ഇവര്‍ക്കായി നീക്കിവച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാവും തിരഞ്ഞെടുപ്പ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് (www.hajcommittee.gov.in) മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.


ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം പകര്‍പ്പ് ഫോട്ടോ ഒട്ടിച്ച് മെയ് ആറിന് മുമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സമര്‍പ്പിക്കണം. മഹ്‌റവുമായി ബന്ധം തെളിയിക്കുന്ന രേഖ, പാസ്‌പോര്‍ട്ട് കോപ്പി, അനുബന്ധ രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0483 2710717, 0483 2717571.


Tags:    

Similar News