ഗ്യാന്‍വാപി മസ്ജിദ് രണ്ടാം ബാബരിയാവുമോ....?

ബഷീര്‍ പാമ്പുരുത്തി

Update: 2021-04-09 08:33 GMT

    പതിറ്റാണ്ടുകള്‍ നീണ്ട വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ അന്യായവിധിയിലൂടെ ബാബരി മസ്ജിദില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആര്‍ത്തട്ടഹസിച്ച് ആവര്‍ത്തിച്ചൊരു വാക്കാണ് 'കാശി മധുര ബാക്കി ഹേ...' എന്നത്. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുന്ന ബാബരി ധ്വംസനത്തിന്റെ കേസ് നാള്‍വഴികളില്‍ അക്രമിക്കൂട്ടത്തെ വെള്ളപൂശി, അധികാരത്തിലെത്തിച്ച നീതിപീഠങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും മുന്നില്‍ വീണ്ടുമൊരു ബാബരി ഉയരുകയാണോ. ആശങ്ക വര്‍ധിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം വരാണസി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി അശുതോഷ് തിവാരിയുടെ ഉത്തരവ്.

    ഉത്തര്‍പ്രദേശിലെ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമത്തെ ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന സംഘപരിവാര്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കുള്ളിലും അനുബന്ധ ഭൂമിയിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു പരിശോധന നടത്താനാണ് വരാണസി സിവില്‍ കോടതി അനുമതി നല്‍കിയത്. അയോധ്യയിലെ ബാബരി മസ്ജിദിനു പിന്നാലെ വിശ്വഹിന്ദു പരിഷത്തും സംഘപരിവാരവും പരസ്യമായി അവകാശവാദം ഉന്നയിച്ച രണ്ടാമത്തെ പള്ളിയാണിത് എന്നതു കൂടി കൂട്ടിവായിക്കുമ്പോള്‍ മതേതര ഇന്ത്യയുടെ നിസ്സംഗത മറ്റൊരു ബാബരിയെ സൃഷ്ടിക്കുമോയെന്നാണ് സംശയിക്കപ്പെടുന്നത്. രാജ്യത്തിന്റെ അധികാരം പോലുമില്ലാതിരുന്ന സമയത്ത് ഐതിഹ്യത്തിന്റെയും ഊഹങ്ങളുടെയും പിന്‍ബലത്തില്‍ ബാബരി ഭൂമിയെ പ്രശ്‌നകലുഷിതമാക്കുകയും ഒടുവില്‍ കൈയേറി പൊളിച്ചുമാറ്റുകയും ചെയ്ത സംഘപരിവാരം ഇപ്പോള്‍, പരമാധികാരികളായിരിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണെന്നു കണ്ടറിയേണ്ടി വരും.

    അഖണ്ഡ ഭാരതത്തെ സമ്പന്നമാക്കിയ മുഗള്‍ ചക്രവര്‍ത്തിമാരിലൊരാളായ ഔറംഗസീബ് 2000 കൊല്ലം പഴക്കമുള്ള ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന ഹിന്ദുത്വ വാദത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗവും ഉന്നയിക്കുന്ന വാദത്തിന് ആവശ്യമായ തെളിവുകളോ ജീവിച്ചിരിക്കുന്ന സാക്ഷികളോ ഇല്ലാത്ത പശ്ചാത്തലത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ് ഐ) പരിശോധന നടത്തട്ടേയെന്നാണ് കോടതിയുടെ നിര്‍ദേശം. ബാബരിയിലെന്ന പോലെ ക്ഷേത്രം തകര്‍ത്താണ് ഔറംഗസീബ് പള്ളി നിര്‍മിച്ചതെന്നാണ് കാശി ഗ്യാന്‍വാപി മസ്ജിദ് വിഷയത്തിലും ഹിന്ദുത്വരുടെ വാദം. ഹിന്ദുത്വ ഗൂഢാലോചനയും കുപ്രചാരണങ്ങളും പൊളിക്കുന്ന വിധത്തില്‍ പള്ളിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ആവശ്യമായ റവന്യൂ രേഖകള്‍ പള്ളി കമ്മിറ്റി ഹാജരാക്കിയിരുന്നെങ്കിലും കോടതി ഇത് നിഷ്‌കരുണം തള്ളിക്കളഞ്ഞു. പ്രസ്തുത തര്‍ക്കത്തില്‍ റവന്യുരേഖകള്‍ അവലംബിക്കാവുന്ന തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് മെയ് 31ന് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി മസ്ജിദ് മതപരമായ മറ്റേതെങ്കിലും കെട്ടിടത്തിന് മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്ന് പഠിക്കാനാണ് ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

    അഭിഭാഷകനായ വിജയ്ശങ്കര്‍ രസ്‌തോഗിയും മറ്റ് മൂന്നുപേരും നല്‍കിയ വ്യവഹാരങ്ങളിലാണ് നടപടി. ബാബരി ഭൂമിയിലെന്ന പോലെ ഇവിടെയും തര്‍ക്കഭൂമി എന്നാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ ഇവിടുത്തെ റവന്യൂ രേഖകള്‍ പ്രകാരം മസ്ജിദാണു സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ പരിശോധന ആവശ്യമില്ലെന്നും മസ്ജിദ് ഭരണ സമിതി വാദിച്ചെങ്കിലും കോടതി തള്ളി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് 1669ല്‍ ഏപ്രില്‍ 18ന് നല്‍കിയ ഉത്തരവ് പ്രകാരം ശിവ ക്ഷേത്രം തകര്‍ത്ത ശേഷം മസ്ജിദ് നിര്‍മിച്ചെന്നാണ് 1991ല്‍ ഫയല്‍ ചെയ്ത വ്യവഹാരങ്ങളിലൂടെ ഹിന്ദുത്വര്‍ വാദിക്കുന്നത്. ഇവിടെ 12 ജ്യോതിര്‍ ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാല്‍ തന്നെ സ്ഥലം തിരികെ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

    സര്‍വേ നടത്താന്‍ പുരാവസ്തു ശാസ്ത്ര വിദഗ്ധരായ അഞ്ചംഗ സമിതിയെ എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാവുന്നതാണ് ഉചിതമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ബാബരി ഭൂമിയില്‍ ഉദ്ഖനനം നടത്തുകയും പിന്നീട് സംഘപരിവാര വാദങ്ങള്‍ക്ക് ബലമേകുന്ന വിധത്തില്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്ത മലയാളിയും കൊടുവള്ളി സ്വദേശിയുമായ കെ കെ മുഹമ്മദിനെ കുറിച്ച് നമുക്കെല്ലാമറിയാമല്ലോ. സംഘപരിവാര തോഴനായ ഇദ്ദേഹത്തിനു ബിജെപി ഭരണത്തില്‍ പത്മശ്രീ ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ ലഭിച്ചതും ഉപകാരസ്മരണയല്ലാതെ മറ്റെന്താണ്. സമിതിയെ നിരീക്ഷിക്കാന്‍ ഏതെങ്കിലും കേന്ദ്ര സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധനെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

    രാജ്യത്തെ ആരാധനാലയങ്ങളുടെ തദ്സ്ഥിതി സംബന്ധിച്ച സംരക്ഷണത്തിനു വേണ്ടി പാര്‍ലിമെന്റ് പാസാക്കിയ 1991ലെ ആരാധനാസ്ഥല നിയമം കാശി ഗ്യാന്‍ വാപി മസ്ജിദ് വിഷയത്തില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് പോലെ രാജ്യത്തെ ഒരു ആരാധനാലയത്തിനു മേലും ഇതര മതസ്ഥര്‍ അവകാശവാദം ഉന്നയിക്കരുതെന്നും രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ഏതൊക്കെ ആരാധനാലയങ്ങള്‍ ആരുടെ കൈവശമാണോ ഉള്ളത് അത് അതുപോലെ നിലനിര്‍ത്തണമെന്നുമാണ് പ്രസ്തുത നിയമത്തില്‍ പറയുന്നത്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ധരിച്ച ഈ നിയമത്തെ പോലും അപ്രസക്തമാക്കിയാണ് ഗ്യാന്‍ വാപി മസ്ജിദിനെ രണ്ടാം ബാബരിയാക്കാന്‍ നീതിപീഠങ്ങളെ കൂട്ടുപിടിച്ച് ഹിന്ദുത്വര്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. 1991ലെ ആരാധനാസ്ഥല നിയമപ്രകാരമുള്ള വിലക്ക് കാശിയിലെ തര്‍ക്കത്തിന് ബാധകമല്ലെന്ന് 1997ല്‍ സിവില്‍ കോടതി വിധിച്ചു. ഇതിനെതിരെയുള്ള അപ്പീല്‍ തീര്‍പ്പാക്കിയ റിവിഷനല്‍ കോടതി കക്ഷികളില്‍ നിന്നു തെളിവു ശേഖരിച്ച ശേഷം മാത്രം കേസ് തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയിരുക്കുകയാണ്. നേരിട്ടുള്ള തെളിവ് നല്‍കാന്‍ ഇരുപക്ഷത്തിനും സാധിക്കാത്ത അവസ്ഥയില്‍ സത്യം കണ്ടത്തേണ്ടത് കോടതിയുടെ ബാധ്യതയാണെന്നു വ്യക്തമാക്കിയാണ് എഎസ് ഐ സര്‍വേയ്ക്കു അനുമതി നല്‍കിയിരിക്കുന്നത്.

    ഉത്തര്‍പ്രദേശിലെ വരാണസി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഗ്യാന്‍ വാപി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അഞ്ജുമാന്‍ ഇന്‍തസാമിയ മസാജിദ്(എഐഎം) ആണ് പള്ളിയുടെ അധികാരികള്‍. മൂന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറാണ് പള്ളിക്കു ശിലയിട്ടതെന്നാണു ചരിത്രം പറയുന്നത്.

Gyan Vapi Masijid is second Babari...?

Tags:    

Similar News