കോട്ടയത്തെ തോക്ക് വേട്ട; ആഭ്യന്തര വകുപ്പിനെതിരേ ആഞ്ഞടിച്ച് ഡോ. ആസാദ്

Update: 2020-03-14 09:00 GMT

കോഴിക്കോട്: കോട്ടയം പള്ളിക്കത്തോട് ബിജെപി പ്രാദേശിക നേതാവിനെയും കൂട്ടരെയും തോക്കുകളും വെടിയുണ്ടകളുമായി പിടികൂടിയ സംഭവത്തില്‍ പോലിസും ആഭ്യന്തര വകുപ്പും കാണിക്കുന്ന നിസ്സംഗതയ്‌ക്കെതിരേ ആഞ്ഞടിച്ച് ആക്റ്റിവിസ്റ്റ് ഡോ. ആസാദ്. ഫേസ്ബുക്കിലൂടെയാണ് ആസാദ് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നത്. കോട്ടയത്തെ തോക്കുനിര്‍മാണവും വിതരണവും വെറും പ്രാദേശിക വാര്‍ത്തയായി അവസാനിച്ചതെങ്ങനെ എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ ആര്‍എസ്എസ് കേരളത്തിലേക്കു കടത്തുന്ന പുതിയ അജണ്ടയുടെ ഭീകരമുഖം തോക്കുകളിലുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ആരുടെ ആവശ്യത്തിനുള്ള തോക്കുകളാണ് അവിടെ നിര്‍മിച്ചുകൊണ്ടിരുന്നത്?, വിതരണ ഏജന്റുമാര്‍ ആരൊക്കെയാണ്?, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ തീരുന്ന കണ്ണികളേയുള്ളു എന്ന് എന്താണുറപ്പ്? ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അന്വേഷണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു കാണുന്നില്ല. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഭേദഗതി വരുത്തിയ നിയമങ്ങളുടെ പരിധിയില്‍ വരുമെന്നാണല്ലോ കേട്ടിട്ടുള്ളത്. എന്‍ഐഎയെന്നോ യുഎപിഎയെന്നോ ഒന്നും ബെഹറ പോലിസ് മൊഴിഞ്ഞു കാണുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

    തോക്കുപയോഗിക്കാന്‍ ലൈസന്‍സ് വേണ്ട നാടാണ് നമ്മുടേത്. നിര്‍മിക്കാന്‍ അഥവാ പലയിടത്തുനിന്നു കൊണ്ടുവന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തോക്കാക്കാന്‍ കോട്ടയത്ത് ചിലര്‍ക്ക് ധൈര്യമുണ്ടായതെങ്ങനെ? അതു വാങ്ങാനും വിതരണം ചെയ്യാനും ആളുകളുണ്ടായതെങ്ങനെ? അവരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പോലിസ് എന്തു പറയുന്നു? മതഭീകരവാദികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും തോക്കു വേണം. അവരുടെ ആവശ്യമാണോ കോട്ടയത്ത് നിര്‍വഹിക്കപ്പെട്ടത്? അല്ലെങ്കില്‍ ഡല്‍ഹി കലാപം രാജ്യമാകെ പടരുമെന്ന ധാരണയിലുള്ള മുന്നൊരുക്കമോ? സംസ്ഥാനത്തിനകത്തും പുറത്തുമായി വിതരണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുമോ?

    പള്ളിക്കത്തോട് തോക്കുനിര്‍മാണം അന്വേഷിക്കണമെന്ന് സിപിഐഎം പുതുപ്പള്ളി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടതായി വാര്‍ത്ത കണ്ടു. പള്ളിക്കത്തോട് പ്രദേശം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണ് തോക്കുനിര്‍മാണവും വില്‍പ്പനയുമെന്ന് സിപിഐഎം ആരോപിക്കുന്നു. അപ്പോള്‍ ഭരണകക്ഷി മൗനമല്ല. ആര്‍എസ്എസ്സുകാര്‍ക്കു ബന്ധമുണ്ടെന്ന് ഭരണകക്ഷിയാണ് ആരോപിക്കുന്നത്. ആഭ്യന്തരമന്ത്രി അതു കേള്‍ക്കാത്തതെന്ത്?

    പള്ളിക്കത്തോട് പ്രദേശം അത്ര കുഗ്രാമമല്ല. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ദേശീയ നേതാക്കള്‍ വന്നു പോവാറുള്ള ഇടമാണ്. അദ്വാനിയ്ക്കും മോഹന്‍ ഭാഗവതിനും മുതല്‍ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം. അവിടെ തോക്കു നിര്‍മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാന്‍ ബിജെപിക്കും ബാധ്യതയുണ്ട്. സര്‍ക്കാറും മാധ്യമങ്ങളും സംസ്ഥാനതല രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം അത്ര നിഷ്‌ക്കളങ്കമാവാന്‍ ഇടയില്ല. കൊറോണ വ്യാപനത്തിന്റെ ഭീതികള്‍ക്കിടയില്‍ മാഞ്ഞു പോവേണ്ട വാര്‍ത്തയല്ല ഇത്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതുണ്ട്. സമഗ്രമായ അന്വേഷണത്തിന് നടപടി സ്വീകരിക്കണം. ആര്‍എസ്എസ് കേരളത്തിലേക്കു കടത്തുന്ന പുതിയ അജണ്ടയുടെ ഭീകരമുഖം തോക്കുകളിലുണ്ടോ എന്നാണ് അറിയേണ്ടതെന്നും ഡോ. ആസാദ് ചോദിക്കുന്നു. തോക്ക് പിടികൂടിയ സംഭവത്തില്‍ സിപിഎം മുഖപത്രം നല്‍കിയ വാര്‍ത്തകളുടെയും പ്രാദേശിക ഘടകത്തിന്റെ പ്രസ്താവനയുടെയും പത്രവാര്‍ത്തകള്‍ സഹിതമാണ് ഡോ. ആസാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.


Full View


Tags:    

Similar News