മതപരിവർത്തന നിരോധന നിയമത്തിലെ പല വകുപ്പുകളും ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തു
അനാവശ്യമായ പീഡനങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് വിക്രം നാഥിന്റെയും ജസ്റ്റിസ് ബിരേൻ വൈഷ്ണവിന്റെയും ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
അഹമ്മദാബാദ്: ഗുജറാത്ത് സർക്കാരിന്റെ മതപരിവർത്തന നിരോധന നിയമത്തിലെ പല വകുപ്പുകളും ഹൈക്കോടതി സ്റ്റേ ചെയ്തു. മുസ് ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന നിയമമാണ് മതപരിവർത്തന നിരോധന നിയമം. ഇതിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകളാണ് കോടതി വ്യാഴാഴ്ച്ച സ്റ്റേ ചെയ്തിരിക്കുന്നത്.
2021 ലെ ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമത്തിന്റെ പല വകുപ്പുകളും നടപ്പാക്കുന്നത് കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. അനാവശ്യമായ പീഡനങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് വിക്രം നാഥിന്റെയും ജസ്റ്റിസ് ബിരേൻ വൈഷ്ണവിന്റെയും ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
വിവാഹത്തിലൂടെ നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനത്തിന് ശിക്ഷ നൽകുന്ന പുതിയ വകുപ്പുകൾ കൊണ്ടുവരുന്നതിനായി ഗുജറാത്തിലെ മതപരിവർത്തന നിരോധന നിയമം 2021 ൽ ഭേദഗതി ചെയ്യുകയും ജൂൺ 15 ന് നിയമം സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
ബലപ്രയോഗം, ആകർഷണം അല്ലെങ്കിൽ വഞ്ചനാപരമായ മാർഗ്ഗങ്ങളില്ലാതെ ഒരു മതത്തിൽപ്പെട്ട ഒരാൾ മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമായ മതപരിവർത്തനത്തിനായി വിവാഹം എന്ന് വിളിക്കാൻ കഴിയില്ല. കൂടുതൽ വാദം കേൾക്കാനിരിക്കുന്നതിനാൽ, സെക്ഷൻ 3,4, 4 എ മുതൽ 4 സി, 5, 6, 6 എ വരെയുള്ള നിയമങ്ങൾ വിവാഹം കാരണം മാത്രം പ്രവർത്തിക്കില്ലെന്ന് ഞങ്ങൾക്ക് അഭിപ്രായമുണ്ടെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
ഇടക്കാല ഉത്തരവ് അനാവശ്യമായ പീഡനങ്ങളിൽ നിന്ന് പരസ്പര വിവാഹം നടത്തുന്ന കക്ഷികളെ സംരക്ഷിക്കുന്നതിനാണ്. ഭേദഗതി വരുത്തിയ ചില നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് ഗുജറാത്ത് ചാപ്റ്റർ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
