ഗുജറാത്ത് വംശഹത്യ: മൂന്ന് കലാപക്കേസുകളില്‍ മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി കോടതി
കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് വംശഹത്യക്ക് ഇരയായവരുടെ ബന്ധുക്കൾ സമർപ്പിച്ച മൂന്ന് സിവിൽ കേസുകളിൽ നിന്ന് പ്രതിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നീക്കം ചെയ്യണമെന്ന് സബർകന്ത ജില്ലയിലെ താലൂക്ക് കോടതി ഉത്തരവിട്ടു. മോദിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നടപടി.
പ്രന്തിജ് കോടതിയിലെ സീനിയർ പ്രിൻസിപ്പൽ സിവിൽ ജഡ്ജി എസ് കെ ഗാദ് വിയാണ് മൂന്ന് കേസുകളിൽ നിന്നും മോദിയെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യാനുള്ള ഉത്തരവിട്ടത്. വാദി കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മോദിക്കെതിരായ ആരോപണങ്ങൾ പൊതുവായതും വ്യക്തമല്ലാത്തതും അവ്യക്തവുമാണ്, കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പൗരന്മാരായ ഷിറിൻ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യൻ പൗരനായ ഇമ്രാൻ സലിം ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരത്തിനായി സിവിൽ സ്യൂട്ടുകൾ സമർപ്പിച്ചത്. മോദിയെ കൂടാതെ ആറ് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രി ഗോർദൻ സദാഫിയയും അന്തരിച്ച ഡിജിപി കെ ചക്രവർത്തിയും ആഭ്യന്തര വകുപ്പിലെ മുൻ ചീഫ് സെക്രട്ടറി അശോക് നാരായണനും ഇതിൽ ഉൾപ്പെടുന്നു.
2002 ഫെബ്രുവരി 28 ന് ബ്രിട്ടീഷ് പൗരനായ ഇമ്രാൻ ദാവൂദ്, അമ്മാവന്മാരായ സയിദ് ദാവൂദ്, ഷക്കീൽ ദാവൂദ്, മുഹമ്മദ് അശ്വത് എന്നിവരോടൊപ്പം സബർകന്ത ജില്ലയിലെ പ്രന്തിജിനടുത്തുള്ള അവരുടെ ഗ്രാമമായ ലജ്പൂരിലേക്ക് മടങ്ങുകയായിരുന്നു. ഹിന്ദുത്വ കലാപകാരികൾ അവരുടെ വഴി തടഞ്ഞ് ടാറ്റാ സുമോയ്ക്ക് തീയിട്ടു. സയിദിനെയും അശ്വതിനെയും ഗുജറാത്തി ഡ്രൈവർ യൂസഫ് പിരാഗറിനെയും വെട്ടിക്കൊലപ്പെടുത്തി. ഷക്കീലിനെ കാണാതായി. അദ്ദേഹം മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതിയുടെ (മോദി) സാന്നിധ്യം കാണിക്കുന്ന തെളിവുകൾ ഇല്ല. ആരോപണവിധേയമായ പ്രവൃത്തിയിൽ നേരിട്ടോ അല്ലാതെയോ പങ്കാളിത്തം കാണിക്കുന്നതായുള്ള തെളിവുകളുമില്ല. പ്രതികളിൽ നിന്ന് ഏതെങ്കിലും നിയമപരമായ അവകാശമോ നഷ്ടപരിഹാരമോ നേടാൻ വാദിക്ക് അവകാശമില്ലെന്നും സെപ്തംബർ 5 ലെ ഉത്തരവിൽ, താലൂക്ക് കോടതി പറഞ്ഞു.
