ഗ്രോ വാസു കേസ്: പ്രതിഷേധം ശക്തമാക്കാന്‍ എസ്ഡിടിയു; 14ന് ജില്ലാതലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ

Update: 2023-09-12 11:07 GMT

കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) സംസ്ഥാന പ്രസിഡന്റ് എ വാസുവേട്ടനെ ജനാധിപത്യ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി കുറ്റം സമ്മതിപ്പിച്ച് പിഴയടപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് എസ്ഡിടിയു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയും അനന്തമായി ഈ ജനാധിപത്യ വിരുദ്ധ ഭരണകൂട ഇടപെടലുകള്‍ നോക്കി നില്‍ക്കാനാവില്ലെന്നും എസ്ഡിടിയു ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സപ്തംബര്‍ 14ന് ജില്ലാ തലങ്ങളില്‍ 'ജനാധിപത്യ പ്രതിഷേധം അവകാശമാണ്, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസുവേട്ടനെ വിട്ടയക്കുക' എന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സപ്തംബര്‍ 16ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ഉപവാസ സമരം സംഘടിപ്പിക്കും. ഉപവാസ സമരത്തില്‍ യൂനിയന്‍ ദേശീയ നേതാക്കളും വിവിധ തലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ജനാധിപത്യത്തില്‍ പ്രതിഷേധം പൗരന്റെ അവകാശമാണ്. ഭരണഘടന നല്‍കുന്ന ഈ അവകാശത്തിന് പരിഗണന നല്‍കാതെയാണ് സര്‍ക്കാര്‍ എ വാസുവേട്ടനെ പ്രതിചേര്‍ത്തിരിക്കുന്നത്. 94 വയസ്സുള്ള ആസ്ത്മ രോഗിയായ അദ്ദേഹത്തെ കഴിഞ്ഞ 45 ദിവസമായി സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണ്. ചില അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയുന്നതില്‍ ചില കമ്മ്യൂണിസ്റ്റ് നാട്യക്കാരുടെ കൈകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കണം. ഐപിസി 143/147/149 വകുപ്പുകളില്‍ അന്യായമായ സംഘം ചേരല്‍ ഇഷ്ടമില്ലാത്തവരെ പ്രേരിപ്പിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിക്കുക എന്നൊക്കെയാണ് വിവക്ഷയുള്ളത്. ഈ വകുപ്പുകളില്‍ ഏതാണ് എ വാസുവേട്ടന്‍ ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.   

Full View

ഒരു വയോധികന്‍ തന്റെ പൗരബോധവും നീതിബോധവും കൊണ്ട് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് നല്‍കിയ മൗലികാവകാശം ഉപയോഗിച്ചാല്‍ അത് കുറ്റമാകുന്ന ഭരണ താല്‍പര്യങ്ങള്‍ തിരുത്തപ്പെടണം. എ വാസുവേട്ടന്റെ ഒരു മുദ്രാവാക്യം വിളിപ്പിച്ചതിന് ജയിലിലടച്ചിരിക്കുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ നടത്തിയ കലാപശ്രമങ്ങള്‍, വര്‍ഗ്ഗീയ ചേരിതിരിവുകള്‍, അക്രമങ്ങള്‍, ബോംബേറ്, പോലീസിനെ അക്രമിച്ചത്, പൊതുമുതല്‍ നശിപ്പിച്ചത് ഇതെല്ലാം സര്‍ക്കാര്‍ എഴുതി തള്ളിയിരിക്കുന്നു. തിരുവനന്തപുരത്ത് എം.ജി കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് പോലീസിനെതിരെ ബോംബെറിഞ്ഞ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ മാസം എന്‍.എസ്.എസ് നടത്തിയ നാമജപ യാത്ര കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതൊന്നും ഗുരുതരമാകാത്ത സംസ്ഥാനത്ത് എ വാസുവേട്ടന്റെ മുദ്രാവാക്യം എങ്ങിനെ ക്രിമിനലിസമാകുന്നു. കഴിഞ്ഞ 45 ദിവസമായി എ വാസുവേട്ടനെ കോടതിയിലും ജയിലിലുമായി പീഢിപ്പിക്കുകയാണ്. കോടതി വരാന്തയില്‍ വായ പൊത്തിപ്പിടിക്കുന്നു. പോലീസിന്റെ തൊപ്പികൊണ്ട് മുഖം മറക്കുന്നു. പ്രായം പോലും പരിഗണിക്കാതെ പിടിച്ച് വലിച്ച് ജീപ്പിലിടുന്നു. സിനിമ സ്‌റ്റൈലില്‍ കോടതി പരിസരത്ത് പോലീസ് ഷോ നടത്തുന്നു. ഇതൊക്കെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ ഭരണകാലത്താണെന്നത് എത്ര ലജ്ജാകരമാണ്. എ വാസുവേട്ടന് ആസ്ത്മ രോഗമാണ്. ചൂടുവെള്ളം ആവശ്യപ്പെട്ടാല്‍ കൊടുക്കുന്നില്ല. രാത്രിയില്‍ മലശോദനക്കായി ഒരു പഴം ആവശ്യപ്പെട്ടാല്‍ ഡോക്ടര്‍ എഴുതിയിട്ടില്ലെന്ന് പറഞ്ഞ് നിഷേധിക്കുകയാണെന്നും എസ്ഡിടിയു നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍, സംസ്ഥാന സെക്രട്ടറി സലീം കാരാടി, സംസ്ഥാന സമിതിയംഗം വിളയോടി ശിവന്‍കുട്ടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹുസയ്ന്‍ മണക്കടവ് പങ്കെടുത്തു.

Tags:    

Similar News