ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും: അമിത് ഷാ

രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി

Update: 2019-09-18 13:25 GMT

ന്യൂഡല്‍ഹി: അസമില്‍ മാത്രമല്ല, രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാന്‍ പൂര്‍വോദയ 2019' എന്ന സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് വിഷയത്തില്‍ അസം ബിജെപി നിയമനിര്‍മാണത്തിനൊരുങ്ങുകയാണ്. ഇതിനിടയിലും ആ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപി ഉപേക്ഷിക്കുന്നില്ലെന്നാണ് ഷായുടെ പ്രഖ്യാപനം വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയ്ക്ക് ഒപ്പമാണ് ലോകരാജ്യങ്ങളെല്ലാം എന്നും അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഇനി കശ്മീര്‍ വികസനത്തിന്റെ പാതയിലൂടെ മറ്റ് സംസ്ഥാനങ്ങളെപ്പോലെത്തന്നെ നീങ്ങുമെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അടുത്ത രണ്ട് വര്‍ഷത്തേക്ക് കസ്റ്റഡിയിലായിരിക്കുമെന്ന് ആരും പറഞ്ഞില്ലെന്നും തീര്‍ച്ചയായും അത്തരമൊരു നീക്കം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും ഷാ പറഞ്ഞു.

Tags:    

Similar News