ഇന്ത്യന്‍ ശിക്ഷാ നിയമം പൊളിച്ചെഴുതുന്നു; എതിര്‍പ്പുമായി നിയമവിദഗ്ധര്‍

Update: 2020-08-13 07:34 GMT

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കവെ ഇന്ത്യന്‍ ശിക്ഷാനിയമം അടിമുടി പൊളിച്ചെഴുതാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്(സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയില്‍ സുപ്രധാന ഭേദഗതികള്‍ നിര്‍ദേശിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നത്. ഇതിനെതിരേ നിയമവിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. സുപ്രിംകോടതിയിലെ 16 മുന്‍ ജഡ്ജിമാരും ഹൈക്കോടതികളും ഇന്ത്യയിലെ വിവിധ കോടതികളില്‍ നിന്നുള്ള 100 അഭിഭാഷകരും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അക്കാദമിഷ്യന്മാരും ബുദ്ധിജീവികളും ഉള്‍പ്പെടെയുള്ളവര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

    കുറ്റം തെളിയിക്കുപ്പെടുന്നതു വരെ ഒരാള്‍ അപരാധിയല്ലെന്ന നിലവിലെ നിയമമാണ് ഭേദഗതിയിലൂടെ മാറ്റിയെഴുതാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ആരോപണം. ഏതെങ്കിലുമൊരാള്‍ക്കെതിരേ കുറ്റാരോപണമുണ്ടായാല്‍ തെളിവ് സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം ഇനി പോലിസിനല്ല, പകരം കുറ്റാരോപിതന്റെ ബാധ്യതയായി മാറും. പോലിസ് മുമ്പാകെ നല്‍കുന്ന മൊഴിയെ ഇനി തെളിവായെടുക്കും. ഇതുവഴി പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചും മറ്റും തെളിവുണ്ടാക്കുന്നതിനു നിയമപരിരക്ഷ ലഭിക്കുകയാണു ചെയ്യുക. വിചാരണയുടെ സ്വഭാവം, ശിക്ഷ, അന്വേഷണ പ്രക്രിയ തുടങ്ങിയ അടിസ്ഥാനരീതികളെല്ലാം പൊളിച്ചെഴുതാനാണു നീക്കം നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സമ്പൂര്‍ണ പോലിസ് രാജിലേക്കും രാജ്യത്തെ എത്തിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    2020 മെയ് മാസത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചത്. ഡല്‍ഹി നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. രണ്‍ബീര്‍ സിങിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ എന്‍എല്‍യു രജിസ്ട്രാര്‍ പ്രഫ. സി എസ് ബാജ്പെയ്, എന്‍എല്‍യുവിന്റെ മറ്റൊരു പ്രഫസറായ മൃണാള്‍ സതീഷ്, ജിപി ത്രെജ, ഡല്‍ഹിയിലെ മുന്‍ സെഷന്‍സ് ജഡ്ജി, സുപ്രിം കോടതിയിലെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി എന്നിവരാണ് അംഗങ്ങള്‍. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന നിയമഭേദഗതി സമിതിയില്‍ നിയമ ചരിത്രകാരന്‍മാരെയോ ഭരണഘടനാ വിദഗ്ധരെയോ സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് അവഗാഹമുള്ളവരോ ഇല്ലെന്ന് ദി ഫെഡറല്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചില ചോദ്യാവലി നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം നിയമഭേദഗതി കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍നിന്നു വ്യക്തമാവുന്നു. എന്നാല്‍, ആറുമാസ സമയപരിധിക്കുള്ളില്‍ ചെയ്യാവുന്ന കാര്യമല്ലിതെന്നും വെബ്‌സൈറ്റ് അറിയിപ്പില്‍ വ്യക്തമാക്കിയതു പോലെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

    ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും ന്യായമായ വിചാരണ എന്ന ആശയത്തെയും അട്ടിമറിക്കുന്ന അപകടകരമായ മാറ്റമാണിതെന്ന് ഇന്ത്യയിലെ പ്രമുഖ ജൂറിസ്റ്റുകളും ബുദ്ധിജീവികളും ചൂണ്ടിക്കാട്ടുന്നു. ''നൂറ്റാണ്ടുകളായി ഞങ്ങള്‍ നേടിയതും വികസിപ്പിച്ചതുമായ കാര്യങ്ങള്‍ക്കു വിപരീതമാണിതെന്നും രാജ്യം ഒരു മഹാമാരിയെ നേരിടുമ്പോള്‍ സമിതി രൂപീകരിക്കുന്നത് ന്യായമല്ലെന്നും സുപ്രിംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗോപാല്‍ ദി ഫെഡറലിനോട് പറഞ്ഞു. കോടതികള്‍ പോലും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടയില്‍ ഐപിസിയും സിആര്‍പിസിയും മാറ്റാന്‍ തിടുക്കം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ ഒരു ഗവേഷണവും നടത്താത്ത ഒരാള്‍ തയ്യാറാക്കിയതുപോലെയാണുള്ളതെന്നു സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. പി വി ദിനേശ് പറഞ്ഞു. സമിതി കൂടുതല്‍ വിശാലമാവണമെന്നും ലിംഗഭേദം, പട്ടികജാതി/പട്ടികവര്‍ഗ്ഗം, ന്യൂനപക്ഷ പ്രാതിനിധ്യം എന്നിവയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ ക്രിമിനോളജി ആന്റ് ജസ്റ്റിസിലെ പ്രഫസര്‍ വിജയ് രാഘവന്‍ പറഞ്ഞു.

Govt tasks panel to suggest law reforms, jurists criticise





Tags: