നവംബർ 26 വരെ സർക്കാരിന് സമയമുണ്ട്, അല്ലാത്തപക്ഷം കർഷകർ ഡൽഹിയിലെത്തും; മുന്നറിയിപ്പുമായി രാകേഷ് ടികായത്
ദീപാവലിക്ക് മുമ്പ് പ്രതിഷേധങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകരെ തെറ്റിദ്ധരിക്കരുതെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 26-നകം കേന്ദ്ര സർക്കാർ തന്നെ പ്രമേയം കൊണ്ടുവരണമെന്നും, പരാജയപ്പെട്ടാൽ രാജ്യത്തുടനീളമുള്ള കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാരിന് നവംബർ 26 വരെ സമയമുണ്ട്, അതിനുശേഷം നവംബർ 27 മുതൽ ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലെത്തുകയും പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ടികായത് പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ ഗാസിപൂർ, തിക്രി അതിർത്തിയിലെ കർഷക പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പോലിസ് ബാരിക്കേഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ടികായത്തിന്റെ അഭിപ്രായം. നിലവിൽ സിംഗു അതിർത്തി, തിക്രി അതിർത്തി, ഗാസിപൂർ അതിർത്തി എന്നിവിടങ്ങളിലെ ഹൈവേകളിലാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.
കർഷകരെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ബലമായി നീക്കം ചെയ്യാൻ ശ്രമിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കർഷകർ മാർച്ച് നടത്തുമെന്ന് മുതിർന്ന ബികെയു നേതാവ് ഗുർനാം സിങ് ചദുനി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി അതിർത്തികളിൽ സർക്കാർ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റുവാൻ സർക്കാർ ശ്രമിക്കുകയാണ്. ജനങ്ങൾക്കിടയിൽ അരാജകത്വം ഉണ്ട്. ദീപാവലിക്ക് മുമ്പ് പ്രതിഷേധങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകരെ തെറ്റിദ്ധരിക്കരുതെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കർഷകർക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ ചദുനി പറഞ്ഞു.
11 മാസത്തിലേറെയായി കർഷക സമരം തുടരുകയാണ്. മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് ഗുണം ചെയ്യുമെന്ന ബിജെപി നിലപാട്, എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കർഷകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്രം.
