മുട്ടിൽ മരംകൊള്ള; എൻ ടി സാജനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാതെ സർക്കാർ
എൻ ടി സാജന് ഒത്താശചെയ്തെന്ന് റിപോർട്ടിൽ പരാമർശിക്കുന്ന ട്വന്റിഫോർ ന്യൂസ് മലബാർ റീജ്യണൽ ചീഫ് ദീപക് ധർമ്മടം തിരുവോണ നാളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിലെ വീട്ടിൽ സന്ദർശിച്ചത് വിവാദത്തിലായി.
കല്പറ്റ: മുട്ടിൽ മരംകൊള്ളക്കേസിൽ കൺസർവേറ്ററായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജനെതിരേ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എപിസിസിഎഫ് റിപോർട്ടിന്മേൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് വിവാദമാകുന്നു. മരംമുറിക്കേസിൽ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന എൻ ടി സാജന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് എപിസിസിഎഫ് റിപോർട്ടിൽ പറയുന്നത്.
സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയോ സാമ്പത്തിക ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് വിജിലൻസ് അന്വേഷണപരിധിൽ വരുന്നത്. വിജിലൻസ് അന്വേഷണത്തിന് പ്രത്യേക ഉത്തരവ് ആവശ്യമാണ്. അല്ലാതെയുള്ള അന്വേഷണത്തിന് നിയമ പ്രാബല്യമുണ്ടാകില്ല. നിലവിൽ കേസന്വേഷിക്കുന്ന ഉത്തതതല സംഘവും എപിസിസിഎഫ് റിപോർട്ടിന്മേൽ അന്വേഷണം ആരംഭിച്ചിട്ടില്ല. സാജനെ കൂടാതെ മറ്റു ചില ഉദ്യോഗസ്ഥരുടെയും പേര് റിപോർട്ടിൽ ഉണ്ടെങ്കിലും ഇവരെ ആരെയും ഇതുവരെ വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം എൻ ടി സാജന് ഒത്താശചെയ്തെന്ന് റിപോർട്ടിൽ പരാമർശിക്കുന്ന ട്വന്റിഫോർ ന്യൂസ് മലബാർ റീജ്യണൽ ചീഫ് ദീപക് ധർമ്മടം തിരുവോണ നാളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിലെ വീട്ടിൽ സന്ദർശിച്ചത് വിവാദത്തിലായി.
മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻ.ടി സാജനെതിരെ നടപടി നിർദേശിക്കുന്ന അന്വേഷണ റിപോർട്ട് പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ദീപക് ധർമ്മടം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച് അരമണിക്കൂറോളം നീണ്ടുനിന്നതായാണ് മുഖ്യമന്ത്രിയുടെ ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ഏറ്റവും അടുപ്പമുള്ള മാധ്യമ പ്രവർത്തകനാണ് ദീപക് ധർമ്മടം.
ജൂൺ 29നായിരുന്നു അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപോർട്ട് വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഈ റിപോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഇതില്‍ ദീപക് ധർമ്മടത്തിൻ്റെ ഇടപെടൽ ഉണ്ടെന്ന വിമർശനമാണ് ഉയരുന്നത്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ വനം കൺസർവേറ്റർ എൻ ടി സാജനും കേസിലെ പ്രതികളും മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്ന പരാമർശം മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപോർട്ടിലുണ്ട്.

