'ചാനൽ ചർച്ചകൾ പ്രകോപനപരം'; ഡൽഹി കലാപ റിപോർട്ടിങ്ങിൽ മാധ്യമങ്ങൾക്ക് മൂക്കുകയറുമായി കേന്ദ്രം
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകൾ സംപ്രേഷണം ചെയ്യരുത് എന്നും ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി: ഡൽഹി കലാപവും റഷ്യ-യുക്രെയ്ൻ യുദ്ധവും സംബന്ധിച്ച വാർത്തകൾ റിപോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് മൂക്കുകയറുമായി കേന്ദ്രസർക്കാർ. വടക്ക്-പടിഞ്ഞാറൻ ഡൽഹി കലാപം, റഷ്യ-യുക്രെയ്ൻ യുദ്ധം എന്നിവ കവർ ചെയ്യുമ്പോൾ, പ്രോഗാം കോഡ് കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
റഷ്യ-യുക്രൈൻ റിപോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ പറയുന്ന പ്രസ്താവനകളും നൽകുന്ന തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകൾ സംപ്രേഷണം ചെയ്യരുത് എന്നും ഉത്തരവിൽ പറയുന്നു.
വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില ചാനൽ ചർച്ചകൾ പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷയിലും ആയിരുന്നു എന്ന് നോട്ടീസിൽ പറയുന്നു. ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിലും അവയുടെ ഉള്ളടക്കത്തിലും സർക്കാരിന് ആശങ്കയുണ്ടെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു.
കേബിൾ ടെലിവിഷൻ നെറ്റ്വർക് (റെഗുലേഷൻ) ആക്ട് 1995-ലെയും അതിന് കീഴിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും ഉടനടി വിട്ടുനിൽക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു.
