'പാര്‍ലമെന്റിന് സമീപം സമരത്തിന് സ്ഥലം അനുവദിക്കൂ'; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍

ജാമിഅയിലെ സമരക്കാരെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. 'എത്ര ക്രൂരമായാണ് നമ്മുടെ പോലിസും സര്‍ക്കാരും സമാധനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത്'. ശാഹീന്‍ ബാഗിലെ സമരക്കാര്‍ ചോദിച്ചു.

Update: 2020-02-12 07:28 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശാഹീന്‍ ബാഗില്‍ നടക്കുന്ന പ്രക്ഷോഭം രണ്ട് മാസം പിന്നിടുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാകുകയാണ് സ്ത്രീകള്‍. ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന കരിനിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അവര്‍ വ്യക്തമാക്കി.

പ്രക്ഷോഭകരെ ശാഹീന്‍ബാഗില്‍ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കേയാണ് സമരക്കാരായ സ്ത്രീകളുടെ പ്രതികരണം. ഗതാഗത കുരുക്കും മറ്റു തടസ്സങ്ങളും ചൂണ്ടിക്കാട്ടിയാണ് ശാഹീന്‍ ബാഗില്‍ നിന്ന് പ്രക്ഷോഭകരെ ഒഴിപ്പിക്കണമെന്ന് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി 17ലേക്ക് മാറ്റിയിരിക്കുകയാണ് സുപ്രീംകോടതി.

അതേസമയം, എന്ത് സംഭവിച്ചാലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശാഹിന്‍ ബാഗില്‍ രണ്ട് മാസമായി സമരം നടത്തുന്ന ഹീന അഹ്മദ് പറഞ്ഞു. 'സര്‍ക്കാര്‍ തങ്ങള്‍ക്ക് സമരം നടത്താന്‍ പാര്‍ലമെന്റിന് മുന്നില്‍ സ്ഥലം അനുവദിക്കട്ടെ. അവിടെ സമരക്കാര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും'. ഹീന അഹ്മദ് പറഞ്ഞു.

ജാമിഅയിലെ സമരക്കാരെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. 'എത്ര ക്രൂരമായാണ് നമ്മുടെ പോലിസും സര്‍ക്കാരും സമാധനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത്'. ഹീന ചോദിച്ചു.

ഒരാള്‍ക്കും തങ്ങളെ പ്രക്ഷോഭത്തില്‍ പിന്‍മാറ്റാന്‍ കഴിയില്ല. പ്രദേശത്തെ നൂറുകണക്കിന് സ്ത്രീകള്‍ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഈ പ്രക്ഷോഭം. സര്‍ക്കാര്‍ കരിനിയമം റദ്ദാക്കുന്നത് വരെ സമരം തുടരും. ശാഹീന്‍ ബാഗില്‍ സമരം നടത്തുന്ന ഫാത്തിമ പറഞ്ഞു.

Tags:    

Similar News