ഗാസിപൂരിലെ സമരകേന്ദ്രം ഒഴിയണമെന്ന് പോലിസ്; പ്രദേശത്ത് സംഘർഷാവസ്ഥ
ഗാസിപൂർ അതിർത്തിയിൽ ഉത്തർപ്രദേശ് പോലിസ് റൂട്ട് മാർച്ച് നടത്തിയിരുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന സമരകേന്ദ്രങ്ങളിൽ ഒന്നാണ് ഗാസിപൂർ.
ന്യൂഡല്‍ഹി: ഗാസിപുരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പോലിസ് ആവശ്യപ്പെട്ടു. സമര പന്തലിൽ പോലിസ് നോട്ടീസ് പതിച്ചു. എന്നാല്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളി. ഗുണ്ടായിസം നടക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നേരത്തെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പോലീസ് നീക്കി.
ഉത്തരവ് പ്രകാരം പ്രതിഷേധക്കാർ പ്രവർത്തിച്ചില്ലെങ്കിൽ രാത്രിയോടെ അവരെ ബലമായി ഒഴിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. പ്രതിഷേധ സ്ഥലത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഗാസിപൂർ അതിർത്തി ഇരുവശത്തും അടച്ചതായി ഡൽഹി ട്രാഫിക് പോലിസ് അറിയിച്ചു.
ഇതിന് മുന്നോടിയായി ഗാസിപൂർ അതിർത്തിയിൽ ഉത്തർപ്രദേശ് പോലിസ് റൂട്ട് മാർച്ച് നടത്തിയിരുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന സമരകേന്ദ്രങ്ങളിൽ ഒന്നാണ് ഗാസിപൂർ. അറസ്റ്റ് ചെയ്താലും പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടികായത് മാധ്യമങ്ങളോട് പറഞ്ഞു.
