ആറ് മുറികളില്‍ 350 തടവുകാര്‍; ഗൗതം നവ്‌ലാഖയെ അടച്ചത് കൊവിഡ് ഭീതിയുള്ള ജയിലില്‍

35 തടവുകാരോടൊപ്പം ഒരു മുറിയിലാണ് ഗൗതം കഴിയുന്നത്. മറ്റു പലരും ഇടനാഴികളിലും മറ്റുമാണ് ഉറങ്ങുന്നത്. ഇവര്‍ക്കെല്ലാമായി മൂന്നു ശുചിമുറികളും 7 മൂത്രപ്പുരകളുമാണുള്ളത്.

Update: 2020-06-23 04:04 GMT

മുംബൈ: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ് ലാഖയെ അടച്ചത് കൊവിഡ് ഭീതിയുള്ള ജയിലില്‍. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് മെയ് 26 നാണ് ഇദ്ദേഹത്തെ പൊടുന്നനെ ബോംബെയിലേക്കു മാറ്റിയത്. തുടര്‍ന്ന് തലോജയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് പട് വര്‍ധനന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗൗതം നവ് ലാഖയുടെ ഭാര്യ സഹ്ബയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ആശങ്കാജനകമായ വിവരങ്ങള്‍ ലഭ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ ജയിലിലേക്കാണ് ഗൗതം നവ് ലാഖയെ മാറ്റിയത്. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് പുതിയ തടവുകാരെ തലോജയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലാണ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നത്.

    തലോജയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ ആകെ ആറ് ക്ലാസ് മുറികളിലായി 350 തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. 35 തടവുകാരോടൊപ്പം ഒരു മുറിയിലാണ് ഗൗതം കഴിയുന്നത്. മറ്റു പലരും ഇടനാഴികളിലും മറ്റുമാണ് ഉറങ്ങുന്നത്. ഇവര്‍ക്കെല്ലാമായി മൂന്നു ശുചിമുറികളും 7 മൂത്രപ്പുരകളുമാണുള്ളത്. കക്കൂസില്‍ ഉപയോഗിക്കാന്‍ ബക്കറ്റോ കപ്പോ ഇല്ല. ഇത്തരത്തില്‍ കഴിയുന്നത് കൊവിഡ് 19 പടരാന്‍ കാരണമാവുമെന്ന ആശങ്കയുണ്ട്. ചില തടവുകാര്‍ക്ക് ലക്ഷണങ്ങളുമുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന ജയില്‍ അന്തേവാസികള്‍ക്ക് നടക്കാനോ വ്യായാമം ചെയ്യാനോ ഇടമില്ല. ശുദ്ധവായു പോലും ലഭിക്കുന്നില്ല. എന്നാല്‍, സഹതടവുകാര്‍ തനിക്ക് കുറച്ച് സ്ഥലം നല്‍കി സഹായിക്കുന്നതിനാല്‍ യോഗ ചെയ്യാനാവുന്നുണ്ടെന്ന് ഗൗതം പറഞ്ഞതായും ആനന്ദ് പട് വര്‍ധന്‍ പറഞ്ഞു. മൂന്നാഴ്ച ക്വാറന്റൈനില്‍ കഴിയുന്നതിനിടെ രണ്ടു കിലോ ഭാരം കുറഞ്ഞു. തന്നെയും മറ്റ് തടവുകാരെയും ഇത്തരം മനുഷ്യത്വരഹിതമായ അവസ്ഥയില്‍ എത്രനാള്‍ നിലനിര്‍ത്തുമെന്ന് ഗൗതം നവ് ലാഖ ചോദിച്ചതായി ഭാര്യ സഹ്ബ പറഞ്ഞു.

    തലോജ ജയിലില്‍ അദ്ദേഹത്തെപ്പോലുള്ള പുതിയ തടവുകാര്‍ക്ക് ഇടമുണ്ടെന്ന് തോന്നുന്നില്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെയും തടവുകാരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. പുറം ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സംവിധാനമില്ല. ഗൗതം നവ് ലാഖയെ കുറിച്ച് പലരും പലപ്പോഴും ചോദിക്കുന്നതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്നും ആനന്ദ് പട് വര്‍ധന്‍ പറഞ്ഞു. ഗൗതമിനെപ്പോലുള്ള ഒരു രാഷ്ട്രീയ തടവുകാരനോട് ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറുന്നതിനെതിരേ ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ അഭിഭാഷകരുമായി ആലോചിച്ച് എന്തുചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി ജയിലിലടച്ച വിപ്ലവ കവി വരവര റാവുവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.


Full View

Gautam Navlakha was locked up in a covid suspected jail

Tags:    

Similar News