പ്രകോപനം സൃഷ്ടിച്ച് ഗണേശോല്‍സവ ഘോഷയാത്ര; സംഘര്‍ഷം, മുസ് ലിംകളെ മാത്രം അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലിസ്

Update: 2022-09-15 06:28 GMT

ഭോപാല്‍: ഗണേശോല്‍വഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുസ് ലിംവിഭാഗത്തിനെതിരേ മാത്രം കേസെടുത്ത മധ്യപ്രദേശ് പോലിസിന്റെ നടപടി വിവാദമാകുന്നു. 2022 സെപ്തംബര്‍ 10ാം തിയ്യതി ഉദയ്പുരയിലാണ് സംഘര്‍ഷം നടന്നത്.

നഗരത്തില്‍നടന്ന ഗണേശോല്‍സവഘോഷയാത്ര മുസ് ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ സയമം നീങ്ങാതെ നിലയുറപ്പിച്ചു. തൊട്ടടുത്ത മദ്രസക്കരികിലെത്തിയപ്പോള്‍ ഘോഷയാത്രക്കാര്‍ ഉച്ചത്തില്‍ ആക്രോശിക്കുകയും പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ആദ്യം സൗമ്യരായി കേട്ടവര്‍ കുറച്ചുകഴിഞ്ഞതോടെ പ്രകോപിതരായി. ഒരു മുസ് ലിംസ്ത്രീ ഘോഷയാത്രയുടെ ഭാഗമായി നിന്നിരുന്നവര്‍ക്കെതിരേ ചെരിപ്പെറിഞ്ഞു. അതോടെ സംഘര്‍ഷം തുടങ്ങി.

മുസ് ലിംകള്‍ കല്ലെറിഞ്ഞെന്നും ചൂടുവെള്ളമൊഴിച്ചുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. തെറ്റായ വാര്‍ത്ത പ്രചരിച്ചതോടെ നഗരത്തില്‍ സംഘര്‍ഷം രൂക്ഷമായി.

ഹിന്ദുആള്‍ക്കൂട്ടം നഗരത്തില്‍ മുസ് ലിംകളുടെ 12 വാഹനങ്ങള്‍ കത്തിച്ചു. വാഹനങ്ങള്‍ മറിച്ചിടുന്ന ഒരു വീഡിയോ വൈറലായി. സംഘര്‍ഷം രൂക്ഷമായതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സംഭവത്തില്‍ പോലിസ് മുസ് ലിംകള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് സ്ത്രീകളും പ്രതിയാണ്. മുസ് ലികളുടെ സ്വത്ത് ആക്രമിച്ച അജ്ഞാതര്‍ക്കെതിരേ കേസെടുത്തു. ആരെയും പേരെടുത്തുപറയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

'കേസിലെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു, പ്രതികളെ ഇനിയും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.'- ജില്ലാ പോലിസ് മേധാവി അമ്രത് മീണ പറഞ്ഞു.

അറസ്റ്റിലായവരുടെ വീടും സ്വത്തും തകര്‍ക്കണമെന്നാണ് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ആവശ്യം. കല്ലെറിഞ്ഞവരുടെ വീടുകള്‍ തകര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അവര്‍ക്ക് ഉറപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ നിരവധി വീടുകള്‍ പോലിസ് തകര്‍ത്തിട്ടുണ്ട്.

മനവാര്‍, ധാര്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, ഖാര്‍ഗോണ്‍, ബര്‍വാനി, മധ്യപ്രദേശിലെ മറ്റ് ജില്ലകളിലാണ് പ്രധാനമായും ഇത്തരം തകര്‍ക്കലുകള്‍ നടന്നത്.

Tags: