ന്യൂനപക്ഷങ്ങള്‍ അധികമായി പഠിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ഫണ്ട് വെട്ടിക്കുറച്ചു
2017-2018 കാലയളവില്‍ 139 കോടി രൂപയുടെ ഫണ്ട് ലഭിച്ച മൗലാന ആസാദ് സര്‍വകലാശാലക്ക് 2018-2019 കാലത്തേക്ക് അനുവദിച്ചു കിട്ടിയത് വെറും 94 കോടി രൂപയാണ്.
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ കൂടുതലായി ഉപരിപഠനത്തിനെത്തുന്ന മൗലാന ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിയിലേക്കും അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലേക്കുമുള്ള ഫണ്ട് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്‌റിയാലാണ് ലോകസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
മുസ്‌ലിം വിദ്യാര്‍ഥികള്‍ അധികമായി ഉപരിപഠനം നടത്തുന്ന ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഹൈദരാബാദിലെ മൗലാന ആസാദ് ദേശീയ ഉറുദു സര്‍വ്വകലാശാല അലിഗഡിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്നിവക്ക് യുജിസി നല്‍കുന്ന ഫണ്ട് വിവരത്തെ കുറിച്ചയിരുന്നു ചോദ്യം.
ഇതില്‍ ജാമിഅ മില്ലിയക്ക് മാത്രമാണ് ഫണ്ടിനത്തില്‍ വര്‍ദ്ധനവുള്ളത്. 2017-2018 കാലയളവില്‍ 333 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് 2018-2019 കാലയളവില്‍ 362 കോടി രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2017-2018 കാലയളവില്‍ 139 കോടി രൂപയുടെ ഫണ്ട് ലഭിച്ച മൗലാന ആസാദ് സര്‍വകലാശാലക്ക് 2018-2019 കാലത്തേക്ക് അനുവദിച്ചു കിട്ടിയത് വെറും 94 കോടി രൂപയാണ്. അലിഗഡ് സര്‍വകലാശാലക്ക് 2017-2018 കാലത്തേക്ക് 110 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം പത്ത് കോടിയുടെ കുറവുണ്ടായി.
ജാമിഅ മില്ലിയയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം നിലനില്‍ക്കെ സര്‍ക്കാരിന് അങ്ങനെയൊരു നീക്കമുണ്ടോ എന്ന ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് ജാമിഅ മില്ലിയ ഒരു ന്യൂനപക്ഷ പദവിയുള്ള കേന്ദ്ര സര്‍വകലാശാലയാണ് എന്ന് മാത്രം പറഞ്ഞ് മന്ത്രി ഉത്തരം ചുരുക്കി.
