ഫലസ്തീനിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ സമാധാന നൊബേല്‍ പട്ടികയില്‍

Update: 2024-08-30 05:53 GMT

ഓസ് ലോ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ഭയമായ റിപോര്‍ട്ടിങ് നടത്തിയതിന് ഫലസ്തീനിലെ നാല് മാധ്യമപ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപോര്‍ട്ടര്‍ ഹിന്ദ് ഖൗദരി, മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബിസാന്‍ ഔദ, മുതിര്‍ന്ന റിപോര്‍ട്ടര്‍ വെയ്ല്‍ അല്‍ദഹ്ദൂഹ് എന്നിവരാണ് പട്ടികയിലുള്ളത്. ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങള്‍ക്കിടെയും ഗസയിലെ അതിക്രമങ്ങള്‍ സംബന്ധിച്ച സത്യം ലോകത്തിന് കാട്ടിക്കൊടുക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് നിസീമമായിരുന്നു. 'ഗസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് ഒരു ഉള്‍ക്കാഴ്ച നല്‍കിയതിന് 2024 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് എന്നെ നാമനിര്‍ദേശം ചെയ്തതായി മൊതാസ് അസൈസ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. യുദ്ധത്തിന് മുമ്പ്, അസൈസയുടെ പോസ്റ്റുകള്‍ ഗസയുടെ ദൈനംദിന ജീവിതത്തെയും സൗന്ദര്യത്തെയും എടുത്തുകാണിച്ചു. എന്നാല്‍ ഫലസ്തീനികളുടെ യുദ്ധകാലത്തെ പോരാട്ടങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് അദ്ദേഹം പ്രശസ്തനായത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി 2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി 196 വ്യക്തികളെയും 89 സംഘടനകളെയും ഉള്‍പ്പെടെ 285 പേരുകളാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ഗസയും യുക്രെയ്‌നും ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ യുദ്ധമേഖലകളില്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നവരുടെ പേരുകള്‍ ഈ വര്‍ഷത്തെ നാമനിര്‍ദേശത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പരിശ്രമിക്കുന്നവരെ അംഗീകരിക്കുന്ന പാരമ്പര്യം നേരത്തേ നൊബേല്‍ കമ്മിറ്റിക്കുണ്ട്. ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 11ന് പ്രഖ്യാപിച്ച് ഡിസംബര്‍ 10നാണ് വിതരണം ചെയ്യുക.

Tags: