മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളും ഇനി ഇന്ത്യന്‍ പൗരന്‍മാരല്ല

ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ഇഖ്‌റാമുദ്ദീന്റെ പേരമകന്‍ സാജിദ്, പിതാവ് ഗിയാവുദ്ദീന്‍ അഹമ്മദ്, മാതാവ് ആകിമ, സഹോദരന്‍ വാജിദ് എന്നിവരാണ് എന്‍ആര്‍സിയില്‍ നിന്നു പുറത്തായത്.

Update: 2019-09-01 15:51 GMT

കംറൂപ്(അസം): അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) പുറത്തുവന്നപ്പോള്‍ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബത്തിലെ നാല് അംഗങ്ങളും പൗരന്‍മാരല്ലാതായി. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ഇഖ്‌റാമുദ്ദീന്റെ പേരമകന്‍ സാജിദ്, പിതാവ് ഗിയാവുദ്ദീന്‍ അഹമ്മദ്, മാതാവ് ആകിമ, സഹോദരന്‍ വാജിദ് എന്നിവരാണ് എന്‍ആര്‍സിയില്‍ നിന്നു പുറത്തായത്. രാജ്യത്തെ പ്രശസ്ത കുടുംബത്തില്‍ പെട്ടവരായിട്ടും ഞങ്ങളുടെ പേരുകള്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്താണെന്നും ഞങ്ങള്‍ക്ക് അപമാനം തോന്നുന്നുവെന്നും ഇന്ത്യയുടെ അഞ്ചാമ് രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അഹമ്മദിന്റെ ചെറുമകന്‍ സാജിദ് അലി അഹമ്മദ് പറഞ്ഞു. രാജ്യം നമ്മെ പൗരന്‍മാരായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കുടുംബം പറഞ്ഞു.


    1977ല്‍ മരണപ്പെട്ട മുന്‍ രാഷ്ട്രപതി ഫക്രൂദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബത്തില്‍പെട്ട രംഗിയ പ്രദേശത്ത് താമസിക്കുന്നവര്‍ ജൂലൈയില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ആര്‍സി അതോറിറ്റിക്ക് രേഖകള്‍ സമര്‍പ്പിച്ചെങ്കിലും അന്തിമ പട്ടികയില്‍നിന്നു വീണ്ടും പുറത്താവുകയായിരുന്നു. കേസ് പുനപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ എന്‍ആര്‍സി പട്ടികയില്‍ നിന്ന് 19 ലക്ഷത്തിലേറെ പേരെയാണ് ഒഴിവാക്കിയത്. ഇവരുടെ പരാതികള്‍ പരിഗണിക്കാന്‍ 120 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്‍ആര്‍സിയുടെ അന്തിമ പട്ടികയില്‍ അപേക്ഷ നല്‍കിയ 3,11,21,004 പേര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. രേഖകള്‍ സമര്‍പ്പിക്കാത്തവരുള്‍പ്പെടെ 19,06,657 പേരെയാണ് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് എന്‍ആര്‍സി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞു.




Tags:    

Similar News