രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2022-08-19 09:15 GMT

കല്‍പ്പറ്റ:രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എംപിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ് രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി അഞ്ചു പേര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച് രാവിലെ കല്‍പറ്റ പോലിസ് സ്‌റ്റേഷനില്‍ അഞ്ചുപേരും ഹാജരായത്.ഹാജരായ അഞ്ച് പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷ് ഒഴികെ ബാക്കി നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പോലിസ് പറയുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ജൂണ്‍ 24ന് നടത്തിയ മാര്‍ച്ച് നടത്തിയിരുന്നു.പ്രവര്‍ത്തകര്‍ എംപി ഓഫിസ് അടിച്ചു തകര്‍ക്കുകയും രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴവെക്കുകയും ചെയ്തിരുന്നു. അക്രമത്തിനിടെ ഗാന്ധി ചിത്രം തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.അക്രമത്തില്‍ 29 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ഗൂഡാലോചനയുടെ ഭാഗമാണ് എന്നായിരുന്നു ഇടതു നേതാക്കളുടെ ആരോപണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ഉള്‍പ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നിര്‍വഹിക്കാതെ പോലിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

Tags:    

Similar News