മുന്നാക്ക സംവരണം: പ്രതിഷേധം ശക്തമായതോടെ കിട്ടിയത് നഷ്ടപ്പെടാതിരിക്കാന്‍ പുതിയ അടവുമായി എന്‍എസ്എസ്

മുന്നാക്ക സംവരണത്തിന് നിശ്ചയിക്കുന്ന ടേണ്‍ പുനക്രമീകരിക്കണം എന്ന തന്ത്രപരമായ ആവശ്യവും എന്‍എസ്എസ് ഉന്നയിക്കുന്നുണ്ട്.

Update: 2020-10-26 12:35 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്കും മുറുമുറുപ്പ്. മുന്നാക്ക സംവരണത്തിനെതിരേ മുസ്‌ലിം, ദലിത് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് എന്‍എസ്എസ് പുതിയ നിര്‍ദേശങ്ങളുമായി രംഗത്തുവന്നത്. മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോള്‍ ജാതി സംവരണത്തിന്റെ അതേ മാതൃക പാലിക്കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. ഒരു തസ്തികയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരനായ ഉദ്യോഗാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കരുത് എന്നാണ് എന്‍എസ്എസിന്റെ ആവശ്യം. അതേ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥി റാങ്ക് പട്ടികയില്‍ എത്തുന്നതുവരെ കാത്തിരിക്കണം. എന്നിട്ടും ഉദ്യോഗാര്‍ത്ഥിയെ ലഭിച്ചില്ലെങ്കില്‍ രണ്ട് തവണയെങ്കിലും വീണ്ടും വിജ്ഞാപനം ഇറക്കണം. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍ മാത്രം പൊതു വിഭാഗങ്ങളിലുള്ളവര്‍ക്ക് അവസരം നല്‍കാം എന്നാണ് ആവശ്യപ്പെടുന്നത്.

അതുപോലെ മുന്നാക്ക സംവരണത്തിന് 2020 ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യവും എന്‍എസ്എസ് ഉന്നയിക്കുന്നുണ്ട്. നിയമന ഉത്തരവും ശുപാര്‍ശകളും ആ കാലയളവിലേക്ക് പുതുക്കി ക്രമീകരിക്കണം.ഇക്കാര്യത്തില്‍ അടിയന്തര മാറ്റം വേണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നാക്ക സംവരണത്തിന് നിശ്ചയിക്കുന്ന ടേണ്‍ പുനക്രമീകരിക്കണം എന്ന തന്ത്രപരമായ ആവശ്യവും എന്‍എസ്എസ് ഉന്നയിക്കുന്നുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം ഒരു തസ്തികയില്‍ ഒമ്പത് ഒഴിവുണ്ടെങ്കില്‍ മാത്രമാണ്  മുന്നാക്ക  സംവരണം പ്രാബല്യത്തില്‍ വരിക. 9, 19, 29 എന്നീ ക്രമത്തിലാണ് ടേണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരുത്തി 3,11, 23, 35,47 എന്നീ ക്രമത്തില്‍ മാറ്റണമെന്നും എന്‍എസ്എസ് ആവശ്യപ്പെടുന്നു. അതോടെ റാങ്ക് ലിസ്റ്റിലെ മൂന്നാമനായി മുന്നാക്ക സംവരണക്കാരന് ജോലി ലഭിക്കും. പിന്നെ 11ാമത്തെ ഊഴമെത്തുമ്പോള്‍ മുന്നാക്ക സംവരണമുള്ള മറ്റൊരാള്‍ക്കും ജോലിയില്‍ കയറാം.

മുന്നാക്ക സംവരണം വേണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത് എന്‍എസ്എസ് ആണ്. നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയപ്പോള്‍ എന്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ പലതവണ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവില്‍ തിരുത്ത് വരുത്താതെ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ എന്‍എസ്എസ് നേതൃത്വം പറയുന്നത്.

Tags:    

Similar News