തബ്‌ലീഗ് ജമാഅത്ത്: വിദേശികള്‍ക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കില്ല- ഡല്‍ഹി പോലിസ്

വിദേശികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയം വകുപ്പ് 304 (കുറ്റകരമായ നരഹത്യ), വകുപ്പ് 336 (മറ്റുള്ളവരുടെ ജീവനോ, വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി) 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സതീഷ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൗറിനെ അറിയിച്ചു.

Update: 2020-07-09 12:52 GMT

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത 36 രാജ്യങ്ങളില്‍നിന്നുള്ള 956 വിദേശ പൗരന്‍മാര്‍ക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കില്ലെന്ന് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചു. തബ്‌ലീഗ് ചടങ്ങില്‍ പങ്കെടുത്ത വിദേശപൗരന്‍മാര്‍ക്കെതിരായ കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. വിദേശികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയം വകുപ്പ് 304 (കുറ്റകരമായ നരഹത്യ), വകുപ്പ് 336 (മറ്റുള്ളവരുടെ ജീവനോ, വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി) 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സതീഷ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൗറിനെ അറിയിച്ചു.

വിദേശപൗരന്‍മാര്‍ക്കെതിരേ ഇതുവരെ നടത്തിയ അന്വേഷത്തില്‍ മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനായിട്ടില്ലെന്ന് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണനിയമം ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 270 (ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനം), 1946 ലെ വിദേശനിയമം എന്നിവ ചുമത്തും. കുറ്റകരമായ നരഹത്യയ്ക്കുള്ള പരമാവധി ശിക്ഷ 10 വര്‍ഷംവരെ തടവും പിഴയുമാണ്. വിദേശനിയമപ്രകാരം വിസാ നിയമങ്ങള്‍ ലംഘിക്കുന്നതിന് അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ് പരാമവധി ശിക്ഷ ലഭിക്കുക.

വിദേശികള്‍ക്കെതിരേ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സതീഷ്‌കുമാര്‍ കോടതിയെ അറിയിച്ചു. വിദേശികള്‍ക്കെതിരേ ഇനി അന്വേഷണമൊന്നും നടത്താന്‍ ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 7 മുതല്‍ ജൂലൈ 16 വരെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതികളാക്കപ്പെട്ട പൗരന്‍മാരെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. 

Tags:    

Similar News