അസമില്‍ 22.17 ലക്ഷം പേര്‍ പ്രളയക്കെടുതിയില്‍; മരണം 174 ആയി

Update: 2022-07-03 07:03 GMT

ദിസ്പൂര്‍: അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. 27 ജില്ലകളിലായി സംസ്ഥാനത്തെ 22.17 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുമരണം കൂടി റിപോര്‍ട്ട് ചെയ്തു. ആറ് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 14 പേര്‍ വെള്ളിയാഴ്ച മാത്രം മരിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 174 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കച്ചാര്‍ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത്. 12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ പ്രളയബാധിതരായത്.


 കൂടുതല്‍ നാശനഷ്ടമുണ്ടായ സില്‍ചാര്‍ പട്ടണത്തില്‍ ചെങ്കൂറി റോഡ്, നാഷനല്‍ ഹൈവേ റോഡ്, മാലിനി ബീല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത് ജനങ്ങളുടെ ദുരിതം വര്‍ധിക്കാനിടയാക്കുന്നു. പ്രധാന നദികളെല്ലാം അപകടകരമായ വിധത്തില്‍ കരകവിഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്ര, കോപിലി, ദിസാങ്, ബുര്‍ഹിദിഹിങ് എന്നിവ പലയിടത്തും അപകടരേഖയ്ക്ക് മുകളിലായി ഒഴുകുന്നുണ്ട്.


 ചില നദികളില്‍ വെള്ളത്തിന്റെ അളവ് താഴുന്നത് ആശ്വാസത്തിന് കാരണമാവുന്നുണ്ട്. 50,714 ഹെക്ടര്‍ കൃഷി ഭൂമിയും നശിച്ചു. ആകെയുള്ള 34 ജില്ലകളില്‍ 27 ജില്ലകളിലും വെള്ളപ്പൊക്ക കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 1,934 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തന്നെയാണ്. 27 ജില്ലകളിലായി 542 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1,20,000 പേരാണ് ഇവിടെ അഭയം പ്രാപിച്ചിട്ടുള്ളത്. 138 കേന്ദ്രങ്ങള്‍ വഴി പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്. നഷ്ടം വിലയിരുത്താന്‍ സംഘം രൂപീകരിക്കുകയാണെന്നും പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.


 അതേസമയം, സില്‍ച്ചാറിലെ ബേത്തുകണ്ടി പ്രദേശത്തെ താമസക്കാരനായ കാബൂള്‍ ഖാന്‍ (35) ബരാക്കിനെ നദിയുടെ കര തകര്‍ത്തുവെന്നാരോപിച്ച് കച്ചാറില്‍ അറസ്റ്റുചെയ്തു. ഇത് സില്‍ച്ചാറിലെ വെള്ളപ്പൊക്കത്തിന് കാരണമായ ഒന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കച്ചാര്‍ ജില്ലയുടെ ആസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് കാരണമായ ബരാക് നദിയുടെ കരയുടെ ഒരുഭാഗം കൈയേറിയതിന് അസമിലെ സില്‍ചറിലെ ആറ് വ്യക്തികള്‍ക്കെതിരേ കേസെടുത്തു. അസം പോലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടാണ് (സിഐഡി) നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രണ്ട് കേന്ദ്രസംഘങ്ങളെ അയച്ചിട്ടുണ്ട്. അവര്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Tags: