ബാബരി മസ്ജിദ് വിധി ആഘോഷിച്ച് അഞ്ച് ജഡ്ജിമാര്‍; വിവാദമായി സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയിലെ ചിത്രം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിധി അത്താഴവിരുന്നൊരുക്കി ആഘോഷിക്കുന്ന സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയിലെ ചിത്രം വിവാദത്തിലേക്ക്. ഐകകണ്‌ഠ്യേനയെങ്കിലും വിവാദമായ ഒരു വിധിന്യായം പുറപ്പെടുവിച്ച ദിവസം എങ്ങനെയാണ് ഇത്തരത്തില്‍ ആഘോഷിക്കാനാവുകയെന്നാണ് വിമര്‍ശകരുടെ ചോദ്യം. ദശകങ്ങള്‍ പഴക്കമുള്ള ബാബരി മസ്ജിദ് കേസില്‍ 2019 നവംബറിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.
ഡല്‍ഹിയിലെ താജ് മന്‍സിങ് ഹോട്ടലില്‍ വിധിന്യായം ആഘോഷിക്കുന്ന ചിത്രം രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയിലാണ് അച്ചടിച്ചുവന്നത്. വിധി പറഞ്ഞ അഞ്ച് പേര്‍ നിരന്ന് നിന്ന് കൈകള്‍ പിണച്ചുവച്ചാണ് ഫോട്ടോക്ക് പോസ് ചെയ്തത്.
ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ് : ആന്‍ ഓട്ടോബയോഗ്രഫിയെന്നാണ് ജസ്റ്റിസ് ഗൊഗോയിയുടെ ആത്മകഥയുടെ പേര്.
''വിധി പറഞ്ഞശേഷം സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു, ഒന്നാം നമ്പര്‍ കോടതിക്ക് പുറത്ത്, അശോക ചക്രക്കു താഴെ. വൈകീട്ട് എല്ലാ ജഡ്ജിമാരെയും ഞാന്‍ താജ് മാന്‍സിങ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു. മുതിര്‍ന്ന ആളെന്ന നിലയില്‍ ഞാനാണ് പണം മുടക്കിയത്''- അദ്ദേഹം ആത്മകഥയില്‍ എഴുതി.
ഗൊഗോയിക്കു പുറമെ വിധിപറഞ്ഞ ബെഞ്ചില്‍ ഗൊഗോയിക്കുപുറമെ ജസ്റ്റിസ് എസ്എ ബോബ്ദെ, ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
ഒരു വിധി ആഘോഷിക്കുകയും അതിനുശേഷം പുസ്തകത്തില്‍ അതിനെക്കുറിച്ച് കൊട്ടിഘോഷിക്കുകയും ചെയ്യുന്നതിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്.
'ജഡ്ജിമാര്‍ ഒരു വിധി 'ആഘോഷിക്കുന്നത്' എന്തിനാണ്? അതിനര്‍ത്ഥം അത് ഒരു പ്രത്യേക രീതിയിലായിരിക്കണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നുവെന്നാണോ? നീതിക്ക് എന്ത് സംഭവിച്ചു?' ജുനൈദ് ഭട്ട് എന്ന ട്വിറ്റര്‍ യൂസറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
ബാബരി മസ്ജിന്റെ സ്ഥാനത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ആ വിധിയിലായിരുന്നു. 1992വരെ നിലനിന്നിരുന്ന ബാബരി മസ്ജിദ് സംഘടിച്ചെത്തിയ ഹിന്ദുത്വ കര്‍സേവകരാണ് നിയമവൃവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് തകര്‍ത്തുകളഞ്ഞത്. വിധി പുറത്തുവന്ന് താമസിയാതെ ആഗസ്ത് 2020ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. 2025ല്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാവും.
ബാബരി മസ്ജിദ് തല്‍സ്ഥാനത്തുനിന്ന് തകര്‍ത്തെറിഞ്ഞ വിധി ആഘോഷിക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും സഹ ജഡ്ജിമാരും താജ് മാന്‍സിങ് ഹോട്ടലിലേക്ക് പോയെന്ന് അഭിഭാഷകനായ എംആര്‍ ഷംഷാദ് ട്വീറ്റ് ചെയ്തു.
ജുഡീഷ്യറി സ്വേച്ഛാധിപത്യത്തിന്റെ സൂതികര്‍മ്മിണിയാകുമ്പോള്‍, നിയമം ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും മാരകമായ ആയുധമായി മാറുന്നുവെന്നായിരുന്നു സുചിത്രാ വിജയന്റെ ട്വീറ്റ്.
വിധി ആഘോഷിക്കുന്നതിനുപകരം, എങ്ങനെ, എന്തിനാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്നും എന്തുകൊണ്ട് ഇത് ഒഴിവാക്കാനാകുന്നില്ലയെന്നും സ്വകാര്യമായി ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ നിരൂപകന്‍ പ്രഫ. അപൂര്‍വാനന്ദ് പറഞ്ഞു. അവര്‍ അതില്‍ ശരിക്കും അഭിമാനിക്കുന്നുണ്ടോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
തനിക്കെതിരേ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെക്കുറിച്ചും പുസ്തകത്തിലുണ്ട്. ഏപ്രില്‍ 2019ന് ലൈംഗികാരോപണം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തന്നെ സ്വന്തം അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബുധനാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്.

