ശാഹിന്‍ ബാഗില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്;അക്രമി പോലിസ് കസ്റ്റഡിയില്‍
ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിയുതിര്‍ത്ത് രണ്ടു ദിവസത്തിനു ശേഷമാണ് ഡല്‍ഹിയിലെ ശാഹിന്‍ബാഗില്‍ അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കില്ല.
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ മുഖമായി മാറിയ ശാഹീന്‍ ബാഗില്‍ വീണ്ടും വെടിവയ്പ്. ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിയുതിര്‍ത്ത് രണ്ടു ദിവസത്തിനു ശേഷമാണ് ഡല്‍ഹിയിലെ ശാഹിന്‍ബാഗില്‍ അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒരു മാസമായി സമരം നടത്തിവരുന്ന പ്രദേശത്ത് പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് സമീപത്തുനിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ജയ് ശ്രീറാം എന്നാക്രോശിച്ചായിരുന്നു വെടിവയ്പ് നടത്തിയത്.നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ വിജയിക്കൂ എന്നും അക്രമി വിളിച്ചു പറയുന്നുണ്ടായിരുന്നു. പോലീസിന് തൊട്ടടുത്ത് നിന്ന് അക്രമി രണ്ട് മൂന്ന് തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ജയ് ശ്രീരാം എന്നാക്രോശിച്ച് സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അക്രമി രണ്ടു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലിസ് അദ്ദേഹത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.
വെടി പൊട്ടാതായതോടെ അയാള്‍ ഓടി. അതിനിടെ അയാള്‍ വീണ്ടും വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെ തോക്ക് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. തങ്ങളില്‍ ചിലരും പോലിസും ചേര്‍ന്ന് അവനെ പിടികൂടുകായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമി ആകാശത്തേക്ക് വെടിയുതിര്‍ത്തതായി പോലിസ് ഉദ്യോഗസ്ഥന്‍ ചിന്‍മെയ് ബിസ്വാള്‍ പറഞ്ഞു. പോലിസ് ഉടന്‍തന്നെ ഇയാളെ ബലംപ്രയോഗിച്ച് കീഴടക്കിയെന്നും അദ്ദേഹം പറഞ്ഞു. മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അക്രമിയെ തടയാതെ പൊലീസ് നോക്കിനിന്നു എന്ന കടുത്ത വിമര്‍ശനം ഈ സംഭവത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.
