യുപിയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; ആളപായമില്ല

Update: 2021-03-28 05:25 GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ വന്‍ തീപ്പിടിത്തം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്നും 150ഓളം രോഗികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. കാണ്‍പൂര്‍ നഗരത്തിലെ യുപി സര്‍ക്കാര്‍ നടത്തുന്ന ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജിന്റെ ഭാഗമായ എല്‍പിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം 146 രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലിസ് പറഞ്ഞു. ഒമ്പത് രോഗികള്‍ ഇപ്പോഴും ഐസിയുവിലുണ്ട്. അവര്‍ക്കു പ്രശ്‌നങ്ങളൊന്നുമില്ല. അഗ്‌നിശമന സേനയില്‍ നിന്ന് ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് കമ്മീഷണര്‍ അസീം അരുണ്‍ കാണ്‍പൂര്‍ പറഞ്ഞു. ആശുപത്രിയിലെ ഒരു സ്‌റ്റോര്‍ റൂമിലുണ്ടായ തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാത്തത് അപകട തീവ്രത കുറച്ചു.

    സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഒഴിപ്പിക്കപ്പെട്ട എല്ലാ രോഗികള്‍ക്കും അടിയന്തര പരിചരണം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെടുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉന്നതതല സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസവും ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് ഉടന്‍ നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Fire Breaks Out At UP Hospital

Tags:    

Similar News