ഇന്തോനേസ്യന്‍ ജയിലില്‍ വന്‍ തീപ്പിടിത്തം; 40 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ജയിലിന്റെ പരമാവധി ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരുന്നതായാണ് റിപോര്‍ട്ടുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്. ഇവിടെ 122 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍, തീപ്പിടിത്തമുണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.

Update: 2021-09-08 05:03 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാന്‍ടെനില്‍ ജയിലിന് തീപ്പിടിച്ച് 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയുടെ പ്രാന്തപ്രദേശത്തുള്ള ടാന്‍ഗെറംഗിലെ ജയിലിന്റെ സി ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് സര്‍ക്കാര്‍ വക്താവും മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ ഒരുമണിക്ക് ആരംഭിച്ച തീ രണ്ടുമണിയോടെയാണ് നിയന്ത്രണവിധേയമാക്കിയത്.

ജയിലിന്റെ പരമാവധി ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരുന്നതായാണ് റിപോര്‍ട്ടുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്. ഇവിടെ 122 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍, തീപ്പിടിത്തമുണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. ടാന്‍ഗെറംഗിലെ ജയിലിന് 600 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. എന്നാല്‍, ഇവിടെ 2000 ല്‍ അധികം തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് സപ്തംബറില്‍ പുറത്തുവന്ന റിപോര്‍ട്ടുകള്‍ പറയുന്നത്. ജയിലില്‍ തിരക്കുണ്ടായിരുന്നതായി നിയമ, മനുഷ്യാവകാശ മന്ത്രാലയത്തിലെ ജയില്‍ വകുപ്പിന്റെ വക്താവ് റിക്ക അപ്രിയന്തി പറഞ്ഞു.

തീപ്പിടിത്തമുണ്ടാവാനുള്ള കാരണം അന്വേഷിക്കുകയാണ്. ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ വലിയ തീജ്വാലകള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊമ്പാസ് ടിവി കാണിച്ചു. 41 പേര്‍ മരിക്കുകയും 8 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് അവര്‍ റിപോര്‍ട്ട് ചെയ്തത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സംശയം- പോലിസ് വക്താവ് യൂസറി യൂനസ് മെട്രോ ടിവിയോട് പറഞ്ഞു. 73 പേര്‍ക്ക് നിസ്സാര പരിക്കുകളുണ്ടെന്ന് പോലിസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Tags: