മുന്‍ ആര്‍ജെഡി നേതാവിന്റെ കൊലപാതകം: തേജസ്വി യാദവിനും തേജ് പ്രതാപിനുമെതിരേ കേസ്

Update: 2020-10-05 05:59 GMT

പട്‌ന: ആര്‍ജെഡി വിട്ട ദലിത് നേതാവ് ശക്തി മാലിക്(37) വീട്ടില്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിനും തേജ് പ്രദാപ് യാദവിനുമെതിരേ കേസ്. ഇവരെ കൂടാതെ ആര്‍ജെഡിയുടെ ദലിത് സെല്‍ മേധാവി അനില്‍ കുമാര്‍ സാധു, അരാരിയ കലോ പാസ്വാന്‍, സുനിതാ ദേവി എന്നിവരുടെ പേരുകളും എഫ് ഐആറിലുണ്ട്. നേരത്തേ, ശക്തി മാലിക്കിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് ഭാര്യ ആരോപിച്ചിരുന്നു. രാഷ്ട്രീയ ജനതാദള്‍ മുന്‍ അംഗമായ മാലിക്കിനെ ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ വസതിയില്‍ കയറിയാണ് മൂന്നംഗ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്.

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനു വേണ്ടി തേജസ്വി യാദവ് തന്നില്‍ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ശക്തി മാലിക് ആരോപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയില്‍ നിന്ന് പുറത്തായ ശേഷം ശക്തി മാലിക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. റാണിഗഞ്ച് സീറ്റില്‍ നിന്ന് മല്‍സരിക്കാന്‍ 50 ലക്ഷം രൂപ സംഭാവനയായി തേജസ്വി യാദവ് ആവശ്യപ്പെട്ടെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി ശക്തി മാലിക് ആരോപിച്ചിരുന്നു.

    ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പൂര്‍ണിയയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ മുഖംമൂടി സംഘം ശക്തി മാലികിനെ വെടിവച്ചുകൊന്നത്. ഭാര്യയും മക്കളും ഡ്രൈവറും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തുനിന്ന് നാടന്‍ പിസ്റ്റളും വെടിയുണ്ടയും കണ്ടെടുത്തതായി കെ ഹാത്ത് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുനില്‍ കുമാര്‍ മണ്ഡല്‍ പറഞ്ഞു. എസ്പി വിശാല്‍ ശര്‍മ, സര്‍ദാര്‍ സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ ആനന്ദ് പാണ്ഡെ എന്നിവരും ഉന്നതര്‍ സന്ദര്‍ശിച്ചു. കൊലയാളികളെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെട്ടതായി ജെഡിയു ആരോപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും മക്കളാണ് മുന്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും മുന്‍ മന്ത്രിയായ തേജ് പ്രതാപ് യാദവും.

FIR against RJD's Tejashwi Prasad, others in Dalit leader murder case




Tags:    

Similar News