കൊവിഡിനു മരുന്ന്: ബാബാ രാംദേവിനെതിരേ കേസെടുത്തു

ലോകത്ത് തന്നെ കൊവിഡിനെതിരേ ശാസ്ത്രീയമായി മരുന്ന് കണ്ടുപിടിക്കാത്ത പശ്ചാത്തലത്തില്‍ പതഞ്ജലി ആയുര്‍വേദ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതോടെയാണ് ആയുഷ് മന്ത്രാലയം വിശദീകരണം തേടിയത്.

Update: 2020-06-27 09:16 GMT

ജയ് പുര്‍: കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് പരസ്യം നല്‍കുകയും മൂന്നുവിധം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുകയും ചെയ്തതിനു യോഗാഗുരു ബാബാ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്ണി, നിംസ് ചെയര്‍മാന്‍ ഡോ. ബല്‍ബീര്‍ സിങ് തോമര്‍, ഡയറക്ടര്‍ ഡോ. അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരേ ജയ്പൂര്‍ പോലിസ് കേസെടുത്തത്. ഇവര്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 420 പ്രകാരം വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് ജയ്പൂര്‍ സൗത്ത് അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നിഷ് പരാശര്‍ പറഞ്ഞു. പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ എന്ന മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോപണം.

    കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ എന്ന ടാബ് ലറ്റും സാസ്വരി വാതി മരുന്നും പുറത്തിറക്കിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആയുഷ് മന്ത്രാലയം വിശദീകരണം തേടുകയും പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതി നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് വെറും ഏഴ് ദിവസം കൊണ്ട് കൊവിഡ് രോഗം സുഖപ്പെടുത്തുമെന്നായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം. 100 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 69 ശതമാനം പേരും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായെന്നും ഒരാഴ്ചയ്ക്കകം എല്ലാവരും രോഗവിമുക്തരായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ലോകത്ത് തന്നെ കൊവിഡിനെതിരേ ശാസ്ത്രീയമായി മരുന്ന് കണ്ടുപിടിക്കാത്ത പശ്ചാത്തലത്തില്‍ പതഞ്ജലി ആയുര്‍വേദ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതോടെയാണ് ആയുഷ് മന്ത്രാലയം വിശദീകരണം തേടിയത്. ഏതൊക്കെ ആശുപത്രികളിലാണ് ഗവേഷണം നടത്തിയതെന്നും ഇത്തരം പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അനുമതി തേടിയിട്ടുണ്ടോയെന്നുമാണ് വിശദീകരണ നോട്ടീസില്‍ ഉണ്ടായിരുന്നത്. ബല്‍ബീര്‍ ജഖാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

FIR against Baba Ramdev, Patanjali CEO for claiming Coronil as a cure for Covid


Tags:    

Similar News