ഉന്നാവോ: ബിജെപി എംഎല്‍എയുടെ ഭീഷണിയെക്കുറിച്ച് 35 തവണ പരാതി നല്‍കി; പോലിസ് കേസെടുത്തില്ലെന്ന് വെളിപ്പെടുത്തല്‍
കേസ് സിബിഐ ഏറ്റെടുക്കുകയും എംഎല്‍എ ജയിലിലാവുകയും ചെയ്തതിന് ശേഷമാണ് ഭീഷണി തുടങ്ങിയത്. ജീവനില്‍ പേടിയുള്ളതുകൊണ്ടാണ് ഉന്നാവോ ജില്ലയിലെ മാഖിയിലുള്ള വീട്ടില്‍നിന്ന് താമസം മാറിയത്. പെണ്‍കുട്ടിക്ക് പോലിസ് നല്‍കിയ സുരക്ഷാ ജീവനക്കാരുടെ മുന്നില്‍വച്ചുവരെ എംഎല്‍എയുടെ സഹായികള്‍ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതികളാണ് പോലിസ് അവഗണിച്ചത്.
ലഖ്‌നോ: ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗലിന് പോലിസ് വഴിവിട്ട് സഹായം ചെയ്തുകൊടുത്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. എംഎല്‍എയില്‍നിന്നും കൂട്ടാളികളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുവര്‍ഷത്തിനിടെ 35 പരാതികള്‍ കുടുംബം പോലിസിന് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇരയുടെ ബന്ധു വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
രേഖാമൂലം ഇത്രയും പരാതികള്‍ നല്‍കിയതില്‍ ഒന്നില്‍പ്പോലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും പോലിസ് തയ്യാറായില്ല. കേസ് സിബിഐ ഏറ്റെടുക്കുകയും എംഎല്‍എ ജയിലിലാവുകയും ചെയ്തതിന് ശേഷമാണ് ഭീഷണി തുടങ്ങിയത്. ജീവനില്‍ പേടിയുള്ളതുകൊണ്ടാണ് ഉന്നാവോ ജില്ലയിലെ മാഖിയിലുള്ള വീട്ടില്‍നിന്ന് താമസം മാറിയത്. പെണ്‍കുട്ടിക്ക് പോലിസ് നല്‍കിയ സുരക്ഷാ ജീവനക്കാരുടെ മുന്നില്‍വച്ചുവരെ എംഎല്‍എയുടെ സഹായികള്‍ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതികളാണ് പോലിസ് അവഗണിച്ചത്. വീഡിയോ സഹിതം പരാതി നല്‍കിയിട്ടും മാഖി പോലിസ് കേസെടുത്തില്ലെന്ന് ബന്ധു വെളിപ്പെടത്തി. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബം 33 പരാതികള്‍ ലോക്കല്‍ പോലിസിന് നല്‍കിയതായി ഉന്നാവോ എസ്പി എം പി വെര്‍മ സ്ഥിരീകരിച്ചു. എന്നാല്‍, പരാതികളില്‍ കഴമ്പില്ലാത്തതിനാലാണ് ഇത് തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതികള്‍ പുനപ്പരിശോധിക്കുമെന്ന് ലഖ്‌നോ എഡിജിപി രാജീവ് കൃഷ്ണ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ കുടുംബം നല്‍കിയ പരാതികള്‍ വീണ്ടും പരിശോധിച്ചശേഷം ജില്ലാ പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയ്‌ക്കെതിരേ കുടുംബം ലോക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ഐജി എസ് കെ ഭഗതും സ്ഥിരീകരിച്ചു. രജിസ്റ്റേഡ് പോസ്റ്റിലും സര്‍ക്കാരിന്റെ സംയോജിത പരാതി പരിഹാര സംവിധാനം (ഐജിആര്‍എസ്) വഴിയും വീഡിയോ സഹിതമാണ് പരാതി നല്‍കിയതെന്നും ബന്ധു വ്യക്തമാക്കി.
