ഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര്‍ വരുന്നത് പഴയ തീപ്പൊരി താരങ്ങളും പുതിയ തീഗോളങ്ങളും

ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കമാവുമ്പോള്‍ പ്രധാനമല്‍സരം അരങ്ങേറുന്നത് യൂറോപ്പിലെ പഴയ ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ യൂറോപ്പിലെ വമ്പന്‍മാരും തമ്മിലാണ്. യൂറോപ്പില്‍ കഴിവ് തെളിയിച്ച് ലാറ്റിന്‍ അമേരിക്കയിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കും കുടിയേറിയ പഴയ ഒന്നാം നമ്പര്‍ താരങ്ങളില്‍ പലരും ഈ ലോകകപ്പില്‍ കളിക്കുന്നുണ്ട്. മറുവശത്ത് ആരാധകര്‍ക്ക് പരിചതരായ യൂറോപ്പിലെ കൊലകൊമ്പന്‍മാരും. സൂപ്പര്‍താരം മെസി തന്നെയാണ് ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. ആതിഥേയ രാഷ്ട്രത്തിന്റെ എന്‍ട്രിയിലൂടെയാണ് മെസി എത്തുന്നത്. അമേരിക്കന്‍ സോക്കര്‍ ലീഗ് ഇന്റര്‍മിയാമിയ്ക്ക് വേണ്ടിയാണ് താരം ഇറങ്ങുന്നത്.

മുന്‍ ബ്രസീലിയന്‍ താരം തിയാഗോ സില്‍വയാണ് പഴയതാരങ്ങളില്‍ പ്രമുഖനായ മറ്റൊരു മിന്നും താരം. എസി മിലാന്‍, പിഎസ്ജി, ചെല്‍സി എന്നിവടങ്ങളില്‍ കഴിവ് തെളിയിച്ച താരം നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിന്‍സേയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. റയല്‍മാഡ്രിഡന്റെ ഇതിഹാസ താരമായിരുന്ന സെര്‍ജിയോ റാമോസും ഇക്കുറി ക്ലബ്ബ് ലോകകപ്പിനുണ്ട്. റയലിനൊപ്പം നിരവധി ലോകകപ്പ് കളിച്ച പരിചയസമ്പത്തുമായാണ് താരം വരുന്നത്. മെക്‌സിക്കന്‍ ക്ലബ്ബ് മൊന്റര്‍റെയ്ക്കായാണ് റാമോസ് ഇറങ്ങുന്നത്. മുന്‍ ഉറുഗ്വെ താരം ലൂയിസ് സുവാരസ്് ഇന്റര്‍മയാമിക്കായാണ് ഇറങ്ങുന്നത്. ഉറുഗ്വെയുടെ മറ്റൊരു മിന്നും താരമായിരുന്ന എഡിസണ്‍ കവാനി അര്‍ജന്റീനന്‍ ക്ലബ്ബ് ബൊക്കോ ജൂനിയേഴ്‌സിനൊപ്പമാണ് എത്തുന്നത്.

യൂറോപ്പില്‍ നിന്ന് റയല്‍ മാഡ്രിഡിനായി ഇറങ്ങുന്ന കിലിയന്‍ എംബാപ്പെയാണ് ശ്രദ്ധാ കേന്ദ്രം. താരത്തിന്റെ ആദ്യത്തെ ക്ലബ്ബ് ലോകകപ്പ് ആണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്റും ഇത്തവണ ലോകകപ്പിനിറങ്ങുന്നുണ്ട്.മറ്റൊരു ശ്രദ്ധാകേന്ദ്രം ബയേണ്‍ മ്യുണിക്കിന്റെ ഹാരി കെയ്ന്‍ ആണ്.പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗ് നേടിയ ഉസ്മാനെ ഡെംബലായാണ് യൂറോപ്പില്‍ നിന്നുള്ള മറ്റൊരു ശ്രദ്ധേയനായ താരം. സൗദി പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ ഹിലാല്‍ ഇത്തവണ ക്ലബ്ബ് ലോകകപ്പിനുണ്ട്. മൊറോക്കോ ഗോള്‍ കീപ്പറും ലോകകപ്പ് ഫുട്‌ബോളിലെ മിന്നും താരവുമായ യാസീന്‍ ബോണോയാണ് മറ്റൊരു സൂപ്പര്‍ താരം.

ചെല്‍സിയുടെ യുവതാരം കോള്‍ പാല്‍മറും അമേരിക്കയില്‍ തിളങ്ങാന്‍ ഇത്തവണയുണ്ട്.അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അര്‍ജന്റീന്‍ സൂപ്പര്‍ താരം ജൂലിയന്‍ ആല്‍വാരസും തന്റെ കന്നി ക്ലബ്ബ് ലോകകപ്പിന് ഇത്തവണ ഇറങ്ങും. ബ്രസീലിയന്‍ ക്ലബ്ബ് പാര്‍മിറാസിന്റെ എസ്റ്റീവാ വില്യന്‍ ആണ് ലോകകപ്പിന്റെ മറ്റൊരു നോട്ടുപുള്ളി. 18 കാരനായ താരത്തെ ചെല്‍സി പുതിയ സീസണിലേക്ക് സൈന്‍ ചെയ്തിട്ടുണ്ട്.

റയലിന്റെ ജ്യൂഡ് ബെല്ലിങ് ഹാം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൊഡ്രി, പിഎസ്ജിയുടെ വിറ്റിനാ, അലസാന്‍ഡ്രോ ബാസ്റ്റോണി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റൊഡ്രിഗോ ഡീ പോള്‍(അര്‍ജന്റീന), ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ഡസ്, ഇന്റര്‍മിലാന്റെ ലൗട്ടേരോ മാര്‍ട്ടിന്‍സ്, പിഎസ്ജി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മ, റയലിന്റെ ഫെഡറിക്കോ വാല്‍വെര്‍ഡേ, ഗോള്‍കീപ്പര്‍ കൊര്‍ട്ടോയിസ്, അത്‌ലറ്റിക്കോയുടെ അന്റോണിയോ ഗ്രീസ്മാന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ്, ബയേണ്‍ മ്യുണിക്കിന്റെ ജമാല്‍ മുസൈയ്‌ലാ, പിഎസ്ജിയുടെ ന്യൂനോ മെന്‍ഡിസ്, വിനീഷ്യസ് ജൂനിയര്‍ എന്നീ വമ്പന്‍ താരനിര തന്നെയാണ് ക്ലബ്ബ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ടീനേജ് താരങ്ങള്‍ മുതല്‍ 40കഴിഞ്ഞ സീനിയര്‍ താരങ്ങള്‍ വരെ ലോകകപ്പില്‍ നേര്‍ക്ക്‌നേര്‍ വരുമ്പോള്‍ പോരാട്ടം തീപ്പാറുമെന്നുറപ്പ്. പുതിയ ഫോര്‍മാറ്റില്‍ എത്തുന്ന ലോകകപ്പ് ആരാധകര്‍ക്ക് പുതിയ വിരുന്നൊരുക്കുമെന്നുറപ്പ്.