ഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്‍; നിര്‍ഭാഗ്യം ഇത്തവണ ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ രൂപത്തില്‍; ആര്‍സിബിക്ക് ഇക്കുറിയും കപ്പില്ല
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ഭാഗ്യം കൂടപിറപ്പായ ടീമാണ് റോയ്ല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു.ആരാധക വൃത്തത്തിലും താരപരിവേഷത്തിലും ഒന്നാമന്‍മാരാവുപ്പോഴും കിരീടം അവര്‍ക്ക് കിട്ടാക്കനി ആയിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ ടീമെന്ന നിലയില്‍ ലോകത്ത് മുഴുവന്‍ ഈ ടീമിന് ആരാധകരും. ഒടുവില്‍ ആദ്യമായി എല്ലാ മേഖലയിലും മിന്നും പ്രകടനവുമായി അവര്‍ ഇത്തവണ പ്ലേ ഓഫും ഉറപ്പിച്ചു. സൂപ്പര്‍ താരം വിരാടിന്റെ ചിറകിലേറി അവര്‍ കിരീട സാധ്യതയില്‍ ഒന്നാമന്‍ എന്ന പേരും സമ്പാദിച്ചു.
ഇത്തവണ ആര്‍സിബി കപ്പുയര്‍ത്തുമെന്നും ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം ഇത്തവണയും ആര്‍സിബിയെ തേടിയെത്തി. ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ രൂപത്തിലാണ് നിര്‍ഭാഗ്യമെന്ന വില്ലന്റെ രംഗപ്രവേശനം. സുരക്ഷ കണക്കിലെടുത്ത് 2025 സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ ബിസിസിഐ പൂര്‍ണ്ണമായും റദ്ദാക്കി.ഐപിഎല്ലിന്റെ 18ാം സീസണിലെങ്കിലും തങ്ങളുടെ ആദ്യ കിരീടം പോക്കറ്റിലാക്കാമെന്ന ആര്‍സിബിയുടെ സ്വപ്‌നമാണ് ഇന്നത്തെ പ്രഖ്യാപനത്തോടെ തകര്‍ന്നത്.
2009 ല്‍ ഐപിഎല്‍ ഫൈനല്‍ കളിച്ച ആര്‍സിബി അവിടെ അവര്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് പരാജയപ്പെട്ടു. 2011 ല്‍ ആര്‍സിബി അവരുടെ രണ്ടാമത്തെ ഐപിഎല്‍ ഫൈനല്‍ കളിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനോട് അവര്‍ തോറ്റു. ആര്‍സിബി അവരുടെ അടുത്ത ഐപിഎല്‍ ഫൈനല്‍ കളിച്ചത് 2016 ലാണ്. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആര്‍സിബിയെ പരാജയപ്പെടുത്തി അവരുടെ കന്നി ഐപിഎല്‍ കിരീടം ഉയര്‍ത്തി.
ഐപിഎല്‍ ചരിത്രത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ 19 ദശലക്ഷം ഫോളോവേഴ്സ് മറികടക്കുന്ന ആദ്യ ടീമാണ് ആര്‍സിബി . 18 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 17 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ആര്‍സിബിയ്ക്കും 16 പോയിന്റാണുള്ളത്.ജിടി ഒന്നാം സ്ഥാനത്തും ആര്‍സിബി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. പഞ്ചാബിനും 16 പോയിന്റാണുള്ളത്. പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.മുംബൈ ഇന്ത്യന്‍സ് 14 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബും മുംബൈയും ഇത്തവണ കിരീട പോരാട്ടത്തില്‍ ആര്‍സിബിക്കൊപ്പം മുന്നിലുണ്ട്. ടോപ് ഫോറില്‍ നില്‍ക്കുന്ന നാല് പേരും കിരീടം ഇത്തവണ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മല്‍സരങ്ങള്‍ റദ്ദാക്കിയപ്പോള്‍ തകര്‍ന്നത് ആദ്യ കിരീടം മോഹിച്ച ആര്‍സിബിയുടെയും പഞ്ചാബ് കിങ്‌സിന്റെയും സ്വപ്‌നങ്ങളാണ്.
പതിവിന് വിപരീതമായി ഡല്‍ഹി ക്യാപിറ്റല്‍സും ഇത്തവണ മികച്ച ഫോമിലായിരുന്നു. 14 പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്താണ്. 11 പോയിന്റുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആറാം സ്ഥാനത്തും 10 പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് ഏഴാം സ്ഥാനത്തുമാണ്. വെടിക്കെട്ടിന് പേര് കേട്ട റെക്കോഡ് സ്‌കോറിന് പേര് കേട്ട സണ്‍റൈസേഴ്‌സ് ഇത്തവണ മോശം ഫോമിലായിരുന്നു. അവര്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മലയാളി താരം സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ മോശം സീസണായിരുന്നു. ഒരു തരത്തിലും മികവ് പുലര്‍ത്താനായിരുന്നില്ല സഞ്ജുവിനും കൂട്ടര്‍ക്കും. പല മല്‍സരങ്ങളും ഫിനിഷിങിലെ പോരായ്മയില്‍ സഞ്ജുവിന് നഷ്ടമാവുകയായിരുന്നു. താരത്തിന്റെ പരിക്കും ടീമില്‍ നിന്നുള്ള ഇടവേളകളും അവര്‍ക്ക് തിരിച്ചടിയായി. പ്ലേ ഓഫ് കാണാതെ ആര്‍ആര്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയുടെ പരിചയസമ്പത്തില്‍ ഇത്തവണ ഇറങ്ങിയത് 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായിരുന്നു.

