ഫീസ് നിരക്കുകൾ കുത്തനെ കൂട്ടി കേരള കേന്ദ്ര സർവകലാശാല

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് താങ്ങാനാവാത്ത ഫീസുമായി ഒരു സർവകലാശാല എന്ത് കുതിച്ചു ചാട്ടമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

Update: 2019-07-09 10:52 GMT

കാസർഗോഡ്: ഫീസ് നിരക്കുകൾ കുത്തനെ കൂട്ടി കേരള കേന്ദ്ര സർവകലാശാല . സമൂഹത്തിലെ ദുർബലരും ദരിദ്രരുമായ ജനവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ മെച്ചപ്പെട്ടതും ചിലവ് കുറഞ്ഞതുമായ വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കേന്ദ്ര സർവ്വകലാശാലകൾ. എന്നാൽ ഈ ഫീസ് വർധന നിരവധി വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് അകറ്റി നിർത്തും. 


കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ ഒന്നായ കാസർഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്വകലാശാല സ്ഥാപിക്കപ്പെട്ടപ്പോൾ ഭരണാധികാരികൾ പറഞ്ഞത് അത് ജില്ലയുടെയും കേരളത്തിന്റെയും തന്നെ വിദ്യാഭ്യാസ മേഖലയിൽ കുതിച്ചു ചാട്ടമാകും എന്നാണ്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് താങ്ങാനാവാത്ത ഫീസുമായി ഒരു സർവകലാശാല എന്ത് കുതിച്ചു ചാട്ടമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

അഡ്മിഷൻ ഫീസിൽ മാത്രം വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. എംഎ, എംഎസ്ഡബ്ള്യു, എംഎസ്‌സി തുടങ്ങിയ കോഴ്സുകൾക്ക് 2015 ൽ 4000 രൂപയായിരുന്നു അഡ്മിഷൻ ഫീസ്. ഹോസ്റ്റൽ ഫീസ് സെമസ്റ്ററിൽ 3000 രൂപയും. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം നടന്ന 2016 നു ശേഷം ഹോസ്റ്റൽ ഫീസ് 2000 രൂപയാക്കി കുറച്ചിരുന്നു. 2017 ൽ അഡ്മിഷൻ ഫീസ് 3300 രൂപയായി വർധിപ്പിച്ചു. 2018ൽ 9370 രൂപയായി ഉയർത്തിയ ഫീസ് 2019 ൽ എത്തിയപ്പോഴേക്കും 10140 രൂപ ആയിരിക്കുകയാണ്. പുതുതായി ആരംഭിച്ച എംകോം കോഴ്സിന് 18800 രൂപയാണ് ഫീസ്. എംബിഎ അടക്കമുള്ള കോഴ്സുകളും ആരംഭിക്കുന്നതായാണ് സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എംബിഎക്ക് 59790 രൂപയാണ് ആദ്യ സെമസ്റ്ററിൽ അടക്കേണ്ടത്. തുടർന്നുവരുന്ന സെമസ്റ്ററിൽ ഫീസ് മുപ്പതിനായിരം രൂപയാണ്.

എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം സർവകലാശാലയിൽ സജീവമാണെങ്കിലും ഫീസ് വർധനവിനെതിരേ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് പ്രതിനിധികളെ പിൻവാതിൽ നിയമനം നടത്തിയത് നേരത്തേ വിവാദമായിരുന്നു. 

Tags:    

Similar News