ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റ് വളയും

ജനുവരി 29നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചതിന് ശേഷം കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിന് കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തി.

Update: 2021-01-25 14:33 GMT

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. നാളെ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ശേഷം തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

'കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പദയാത്ര നടത്തും'. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് കവിത കുരുഗന്തി പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരേ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ജനുവരി 29നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചതിന് ശേഷം കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിന് കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തി. നാളെ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഹരിയാനയിലും പഞ്ചാബിലും കഴിഞ്ഞ ദിവസങ്ങളില്‍ ട്രാക്ടര്‍ റാലികള്‍ നടന്നു. ഓട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക സമരങ്ങള്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

അഞ്ച് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ദമാവും.

Tags: