കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നു; 29ന് സംയുക്ത കിസാന്‍ മോര്‍ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29ന് അവരുടെ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Update: 2021-11-09 16:15 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ സമരം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കര്‍ഷക യൂനിയന്‍ നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒമ്പതംഗ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം ഒരുവര്‍ഷം തികയുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ മാര്‍ച്ചിനൊരുങ്ങുന്നത്. ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29ന് അവരുടെ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

നവംബര്‍ 26നകം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നും കര്‍ഷ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന് നവംബര്‍ 26 വരെ സമയമുണ്ട്. 27 മുതല്‍ കര്‍ഷകര്‍ ഗ്രാമങ്ങളില്‍നിന്ന് ട്രാക്ടറുകളില്‍ ഡല്‍ഹി അതിര്‍ത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഈ മാസം ഒന്നിന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 22ന് നടത്തിയ അവസാന ചര്‍ച്ചയില്‍ കര്‍ഷകര്‍ സര്‍ക്കാരിന് നവംബര്‍ 26 വരെ സമയം നല്‍കിയിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

പ്രതിഷേധം എത്രനാള്‍ തുടരുമെന്ന ചോദ്യത്തിന്, സര്‍ക്കാരുകള്‍ക്ക് അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ പ്രതിഷേധം അഞ്ചുവര്‍ഷവും തുടരാം- അദ്ദേഹം പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന ജൂലൈയിലാണ് പാര്‍ലമെന്റിന് സമീപം കര്‍ഷകര്‍ അവസാനമായി സമരം നടത്തിയത്. പോലിസ് അനുമതി നല്‍കിയെങ്കിലും മാര്‍ച്ച് പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ ഇരുന്നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു. പല എംപിമാരും കിസാന്‍ സന്‍സദ് സന്ദര്‍ശിച്ചു. പക്ഷേ സ്‌റ്റേജില്‍ കയറുകയോ അഭിസംബോധന ചെയ്യുകയോ ചെയ്തില്ല. ജനുവരി 26ലെ അരാജകത്വം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Tags: