കർഷക പ്രക്ഷോഭം ആളിപ്പടരുന്നു; പഞ്ചാബിൽ 24 ഇടങ്ങളിലേക്ക് കൂടി പ്രക്ഷോഭം വ്യാപിച്ചു

റിലയൻസ് സ്റ്റോറുകൾ ഉപരോധിക്കുന്നതിന്റെ ഭാ​ഗമായി കർഷക സംഘടനകൾ മാളുകൾക്കും മറ്റ് കോർപറേറ്റ് കെട്ടിടങ്ങൾക്കും മുന്നിൽ പ്രക്ഷോഭം ആരംഭിക്കും.

Update: 2020-10-01 11:08 GMT

ലുധിയാന: അടുത്തിടെ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ പ്രതിഷേധം വ്യാഴാഴ്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. കർഷക സംഘടനകൾ റയിൽ ഉപരോധ സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചു. 31 സംഘടനകളുടെ സംയുക്ത സമിതി ഇന്ന് മുതൽ പഞ്ചാബിലെ 24 സ്ഥലങ്ങളിൽ കൂടി അനിശ്ചിതകാല റയിൽ ഉപരോധം ആരംഭിച്ചു.

കർഷക സംഘടനകളായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്സി), ബികെയു (ഉഗ്രഹാൻ) എന്നീ സംഘടനകൾ സെപ്തംബർ 24 മുതൽ പഞ്ചാബിലെ ആറ് സ്ഥലങ്ങളിൽ റയിൽ ഉപരോധ പ്രക്ഷോഭം ആരംഭിച്ചെങ്കിലും ഇപ്പോൾ അത് ഫിറോസ്പൂർ, അമൃത്സർ എന്നീ സ്ഥലങ്ങളിൽ മാത്രമാണ് തുടരുന്നത്.

മാൽവയിൽ മാത്രം പട്യാലയിലെ ധാബ്ലാൻ ഗ്രാമം, സംഗ്രൂരിലെ സുനം, മൻസയിലെ ബുധ്ലാദ, മുക്തർ ജില്ലയിലെ ഗിദ്ദർബാഹ എന്നിവിടങ്ങളിൽ കർഷകരുടെ സംയുക്ത സമിതി ഉപരോധം നടത്തുമെന്ന് ബികെയു (ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രി കലാൻ പറഞ്ഞു. അഞ്ച് ടോൾ പ്ലാസകൾ ഉൾപ്പെടെ 29 സ്ഥലങ്ങളിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ മുൻ ബിജെപി പ്രസിഡന്റ് ശൈത് മാലിക്, കേന്ദ്ര സഹമന്ത്രി സോം പ്രകാശ്, അബോഹറിലെ പാർട്ടി എം‌എൽ‌എ അരുൺ നാരംഗിന്റെ വസതി, ബിജെപി കിസാൻ മോർച്ച സംസ്ഥാന പ്രസിഡന്റ് ബിക്രംജീത് സിങ് എന്നിവരുൾപ്പെടെ ഏഴ് ബിജെപി നേതാക്കളുടെ വീടുകൾക്ക് പുറത്ത് പ്രതിദിനം 3-4 മണിക്കൂർ പ്രതിഷേധം സംഘടിപ്പിക്കും.

റിലയൻസ് സ്റ്റോറുകൾ ഉപരോധിക്കുന്നതിന്റെ ഭാ​ഗമായി കർഷക സംഘടനകൾ മാളുകൾക്കും മറ്റ് കോർപറേറ്റ് കെട്ടിടങ്ങൾക്കും മുന്നിൽ പ്രക്ഷോഭം ആരംഭിക്കും. അമൃത്സർ, ബതിന്ദ ഉൾപ്പെടെ 29 സ്ഥലങ്ങളിൽ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. അദാനി ലോജിസ്റ്റിക്സ്, 15 റിലയൻസ് പെട്രോൾ പമ്പുകൾ, 3 എസ്സാർ പെട്രോൾ പമ്പുകൾ, മൻസയിലെ ഒരു സ്വകാര്യ താപ നിലയം എന്നിവിടങ്ങളിൽ പ്രതിഷേധം നടക്കും.