കര്‍ഷക പ്രക്ഷോഭം: അരലക്ഷം കര്‍ഷകര്‍ കൂടി ഡല്‍ഹിയിലേക്ക്

Update: 2020-12-11 08:30 GMT

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാളെ ഡല്‍ഹി- ജയ്പ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകപ്രക്ഷോഭം തുടരുമ്പോഴും പരിഹാരം കണ്ടെത്താനാകാതെ സര്‍ക്കാര്‍ ഉഴലുകയാണ്. ആറാം വട്ട ചര്‍ച്ചക്കുള്ള തിയതിയില്‍ ഇതുവരെയും തീരുമാനമായില്ല. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. എന്നാല്‍ ബാല്ലുകള്‍ പിന്‍വലിക്കാതിടത്തോളം പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ഇതോടെ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.

ബില്ലുകള്‍ പിന്‍വലിച്ചിലെങ്കില്‍ റെയില്‍പാളങ്ങളും റോഡുകളും ഉപരോധിക്കുമെന്ന് കര്‍ഷകര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായി ഡല്‍ഹിയിലേക്ക് എത്തിച്ചേരുകയാണ്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ഇന്ന് ആരംഭിച്ചിട്ടുണ്ട്. അരലക്ഷം കര്‍ഷകര്‍ കര്‍ഷകരാണ് ട്രാക്ടറുകളിലായി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയായ കുണ്ഡിലിയിലേക്കാണ് ഇവര്‍ എത്തുക.

അതേസമയം, കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏതുസമയവും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.എന്നാല്‍ മോദിയുടെ ഒത്തുതീര്‍പ്പ് അഭ്യര്‍ഥന തള്ളി കര്‍ഷക സംഘടനകള്‍. കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും നിയമം റദ്ദാക്കിയാല്‍ മാത്രമേ ഇനിയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവുള്ളൂവെന്നും കര്‍ഷകര്‍ വ്യക്തമാക്കി.