മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, മുസ് ലിം വനിതാ അധ്യാപകര്‍ക്ക് പ്രസവാനുകൂലം; മുസ് ലിം വിദ്വേഷം ലക്ഷ്യമിട്ടുള്ള നുണപ്രചാരണങ്ങള്‍ പൊളിഞ്ഞുവീഴുന്നു

Update: 2021-06-09 15:22 GMT

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ മുസ് ലിംകള്‍ അനര്‍ഹമായി നേടുന്നുവെന്ന വ്യാജപ്രചാരണങ്ങള്‍ക്കു പിന്നാലെ മുസ് ലിം വിദ്വേഷം ലക്ഷ്യമിട്ട് നടത്തിയ നുണപ്രചാരണങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. മദ്‌റസാധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുവെന്ന പ്രചാരണം തെറ്റാണെന്നു കഴിഞ്ഞ ദിവസം വിവിധ എംഎല്‍എമാരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, അതാത് മാനേജ്‌മെന്റുകളാണ് മദ്‌റസാധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതോടെ കാലങ്ങളായുള്ള ഹിന്ദുത്വവാദികളുടെയും അനുകൂലികളുടെയും കുപ്രചാരണങ്ങളാണ് പൊളിഞ്ഞത്. ഇതിനുപുറമെയാണ് മുസ് ലിം വനിതാ അധ്യാപകര്‍ക്ക് 15000 രൂപ രണ്ടു തവണ പ്രസവാനുകൂല്യമായി നല്‍കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം അഴിച്ചുവിടുന്നത്. സംഘപരിവാര്‍ അനുകൂലികളാണ് പ്രചാരണത്തിനു പിന്നിലെങ്കിലും നേരത്തേയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടതുസര്‍ക്കാരോ മറ്റോ ആധികാരികമായി തള്ളിപ്പറയാതെ മൗനം പാലിച്ചത് വര്‍ഗീയ ചേരിതിരിവിന് കാരണമാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.   

മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം സംബന്ധിച്ച എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടി

    സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് സര്‍ക്കാര്‍ ശമ്പളവും ധനസഹായവും നല്‍കുന്നുവെന്ന കുപ്രചാരണം നേരത്തേ വിവരാവകാശ രേഖ പ്രകാരം പൊളിച്ചിരുന്നു. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നു മദ്‌റസാധ്യാപകര്‍ക്ക് ധനസഹായമോ ശമ്പളമോ നല്‍കുന്നില്ലെന്ന വ്യക്തമായ മറുപടി നല്‍കിയിരുന്നു. 2021 മാര്‍ച്ച് 10നു ഇക്കാര്യം തേജസ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു. സത്യം പുറത്തുവന്നിട്ടും ഇത്തരം കുപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.

എന്‍സിഎച്ച്ആര്‍ഒ വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനു ലഭിച്ച മറുപടി

കഴിഞ്ഞ കുറച്ചു കാലങ്ങളായി സംഘപരിവാരവും ക്രിസ്ത്യന്‍ പേരിലുള്ള ചില ഐഡികളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജപ്രചാരണം നടത്തുന്നത്. ന്യൂനകക്ഷ ക്ഷേമ വകുപ്പിന്റെയും മദ്‌റസാ ക്ഷേമനിധി ബോര്‍ഡിന്റെയും ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നേരത്തേ ഇത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കിയിട്ടും കുപ്രചാരണം തുടരുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പി കെ ബഷീര്‍, എന്‍ ശംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ പി എ മജീദ് എന്നിവരുടെ ചോദ്യത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ രേഖാമൂലം മറുപടി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം കുപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

    'വനിതാ മുസ് ലിം അധ്യാപകര്‍ക്ക് 15000 രൂപ രണ്ടു തവണ പ്രസവത്തിന് നല്‍കും. പതിവുപോലെ ഈ സൗജന്യവും മുസ് ലിംകള്‍ക്ക് മാത്രം' എന്ന പരാമര്‍ശത്തോടെയാണ് അന്തിക്രിസ്തു ഗുരു എന്ന അക്കൗണ്ടില്‍ നിന്ന് വ്യാജപ്രചാരണം നടത്തുന്നത്. എന്നാല്‍ ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (എഎഫ് ഡബ്ല്യുഎ) നടത്തിയ അന്വേഷണത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ വാദം തെറ്റാണെന്ന് കണ്ടെത്തി. മുസ് ലിം ംസമുദായത്തിലെ വനിതാ അധ്യാപകര്‍ക്കായി കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു ധനസഹായവും നല്‍കുന്നില്ലെന്നും ഇതുസംബന്ധിച്ച യാതൊരു രേഖയും ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

'വനിതാ മുസ് ലിം അധ്യാപകര്‍ക്ക് 15000 രൂപ രണ്ടു തവണ പ്രസവത്തിന് നല്‍കും. പതിവുപോലെ ഈ സൗജന്യവും മുസ് ലിംകള്‍ക്ക് മാത്രം' എന്ന പരാമര്‍ശത്തോടെയാണ് അന്തിക്രിസ്തു ഗുരു എന്ന അക്കൗണ്ടില്‍ നിന്ന് നടത്തുന്ന വ്യാജപ്രചാരണം

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാരം പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന കേന്ദ്ര സര്‍ക്കാര്‍ സ്‌കീം വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും (പിഡബ്ല്യു ആന്റ് എല്‍എം) 2017 മുതല്‍ 5000 രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ (60:40) കൊടുത്തുവരുന്നുണ്ട്. എന്നാല്‍ ഈ സ്‌കീം മുസ് ലിം അധ്യാപകര്‍ക്ക് മാത്രമുള്ളതല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥിരജീവനക്കാരൊഴികെ എല്ലാ സ്ത്രീകള്‍ക്കും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും അര്‍ഹരുടെ ബാങ്ക് / പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്ക് 5,000 രൂപ ഡെപ്പോസിറ്റ് ചെയ്യുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന കേന്ദ്ര സര്‍ക്കാര്‍ സ്‌കീം വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും (പിഡബ്ല്യു ആന്റ് എല്‍എം) 2017 മുതല്‍ 5000 രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് കൊടുത്തുവരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടിയുമായി ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും മുസ് ലിം വിദ്വേഷം വളര്‍ത്തുന്ന കുപ്രചാരണങ്ങള്‍ തുടരുമ്പോഴും നിയമനടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്.

False propaganda aimed at hating Muslims is falling





Tags: