തിരഞ്ഞെടുപ്പ് പരസ്യം: ബിജെപിക്ക് നിരക്ക് കുറച്ചു, കോണ്‍ഗ്രസിനോട് കൂടുതല്‍ വാങ്ങി; ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പ് പുറത്ത്

ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്‌സ് കലക്ടീവ് (ടിആര്‍സി) സോഷ്യല്‍ മീഡിയകളിലെ രാഷ്ട്രീയ കക്ഷികളുടെ പരസ്യങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Update: 2022-03-16 12:34 GMT

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ ബിജെപിക്ക് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നതിന് ഫേസ്ബുക്ക് വന്‍തോതില്‍ പരസ്യനിരക്ക് കുറച്ചുകൊടുത്തതായി റിപോര്‍ട്ട്. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഫേസ്ബുക്ക് ഈടാക്കിയതായും കണ്ടെത്തി. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപിക്ക് ഫേസ്ബുക്കിലൂടെ കുറഞ്ഞ പരസ്യനിരക്കിലാണ് വ്യാപക പ്രചാരണം നടത്താന്‍ കഴിഞ്ഞത്. ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്‌സ് കലക്ടീവ് (ടിആര്‍സി) സോഷ്യല്‍ മീഡിയകളിലെ രാഷ്ട്രീയ കക്ഷികളുടെ പരസ്യങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫേസ്ബുക്കില്‍ വന്ന 5,36,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റയാണ് പഠനത്തിന് വിധേയമാക്കിയത്. ആഡ് ലൈബ്രറി ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എപിഐ) യില്‍നിന്നുള്ള വിവരങ്ങളാണ് ആധാരമാക്കിയത്. ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കിന്റെ ട്രാന്‍സ്‌പേരന്‍സ് ടൂള്‍ രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കുന്നുമുണ്ട്. 22 മാസത്തിനുള്ളില്‍ നടന്ന 10 തിരഞ്ഞെടുപ്പുകളില്‍ നടത്തിയ പരസ്യനിരക്കിന്റെ വിശകലനങ്ങളാണ് പുറത്തുവന്നത്.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപാടുകാരാണ് ബിജെപി. ഫേസ്ബുക്ക് നല്‍കിയ ഇളവിലൂടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വോട്ടര്‍മാരിലേക്ക് തങ്ങളുടെ പരസ്യം ബിജെപിക്ക് എത്തിക്കാന്‍ കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളില്‍നിന്നും അനുബന്ധ സംഘടനകളില്‍നിന്നും ഒരു പരസ്യം 10 ലക്ഷം തവണ കാണിക്കുന്നതിനായി ശരാശരി 41,844 രൂപയാണ് ഫേസ്ബുക്ക് ഈടാക്കിയത്. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ നേതാക്കളില്‍നിന്നും ഇതേ വ്യവസ്ഥയില്‍ പരസ്യത്തിനായി ഫേസ്ബുക്ക് ഈടാക്കിയതാവട്ടെ 53,776 രൂപയാണ്. ഏതാണ്ട് 29 ശതമാനം കൂടുതല്‍. 22 മാസക്കാലയളവില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ബിജെപിയും കോണ്‍ഗ്രസുമായിരുന്നു. ഇക്കാലയളവില്‍ ബിജെപി ഫേസ്ബുക്കില്‍ പരസ്യത്തിനായി ചെലവഴിച്ചത് 104.1 ദശലക്ഷം രൂപയാണ്.

കോണ്‍ഗ്രസും അനുബന്ധ കക്ഷികളും ഇക്കാലയളവില്‍ 64.4 ദശലക്ഷം രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിന് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിനോട് ചേര്‍ന്നുള്ള അനുബന്ധ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് നിരക്ക് കുറച്ചുനല്‍കി. ബിജെപിയെ പിന്തുണയ്ക്കുന്ന പരസ്യങ്ങള്‍ പത്തു ലക്ഷം പേര്‍ കാണുന്നതിന് 39,552 രൂപയാണ് ഫേസ്ബുക്ക് ഈടാക്കിയത്. എന്നാല്‍, ഇതേ കാര്യത്തിന് കോണ്‍ഗ്രസില്‍ നിന്ന് 52,150 രൂപ ഈടാക്കിയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിലും ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം, ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക് അല്‍ഗോരിതം ബിജെപി സ്ഥാനാര്‍ഥികളില്‍ നിന്ന് ഒരു പരസ്യം 10 ലക്ഷം പേരിലെത്തിക്കുന്നതിന് 61,584 രൂപ ഈടാക്കിയിട്ടുണ്ട്.

എന്നാല്‍, കോണ്‍ഗ്രസില്‍നിന്ന് ഈ സമയം 66,250 രൂപ ഈടാക്കി. പിന്നീട് ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും പരസ്യനിരക്കില്‍ ഇരുപാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ത നിരക്കാണ് ഈടാക്കിയത്. 2020 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരസ്യത്തിനായി ഫേസ്ബുക്കിന് നല്‍കിയത് 10 ലക്ഷം പേര്‍ കാണുന്നതിന് 39,909 രൂപയാണ്. എന്നാല്‍, ബിജെപിയില്‍ നിന്ന് ഫേസ്ബുക്ക് 35,596 രൂപ മാത്രമാണ് ഈടാക്കിയത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് 64,173 രൂപയാണ് ഇതേ കാര്യത്തിന് ഫേസ്ബുക്ക് ഈടാക്കിയത്. 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 10 ലക്ഷം പേര്‍ കാണുന്നതിന് ഒരു പരസ്യത്തിന് 37,285 രൂപ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നല്‍കേണ്ടിവന്നത് 45,207 രൂപയാണ്.

ജെഡിയുവില്‍ നിന്ന് ഇതേ സമയത്ത് 66,704 രൂപയും ഈടാക്കി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഫേസ്ബുക്ക് പരസ്യത്തിന് ഇളവ് നല്‍കിയത്. പരസ്യം 10 ലക്ഷം പേരിലേക്കെത്തിക്കുന്നതിന് കോണ്‍ഗ്രസില്‍നിന്ന് 38,124 രൂപ ഈടാക്കിയപ്പോല്‍ ബിജെപിയില്‍ നിന്ന് 43,482 രൂപ ഈടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ പരസ്യദാതാക്കളോ പണം നല്‍കിയുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ വാര്‍ത്താ ഫീഡിലേക്ക് എത്തിക്കുന്നത്.

ഫേസ്ബുക്കിന്റെ നയങ്ങളും അല്‍ഗോരിതങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന സുപ്രിംകോടതിയുടെ ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തലുകളെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിന്റേത് ജനാധിപത്യ വിരുദ്ധമായ നിലപാടാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'മെറ്റ ഇത് ജനാധിപത്യത്തിന് എതിരാണ്,' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ പരസ്യങ്ങള്‍ക്കായി കുറഞ്ഞ ഓഫറുകള്‍ ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന അല്‍ ജസീറയുടെയും ദി റിപോര്‍ട്ടേഴ്‌സ് കലക്ടീവിന്റെയും റിപോര്‍ട്ടും അദ്ദേഹം ട്വീറ്ററില്‍ പങ്കുവച്ചു. എന്നാല്‍, ബിജെപിയില്‍നിന്നും കോണ്‍ഗ്രസ് അടക്കമുള്ള ഇതര കക്ഷികളില്‍നിന്നും വ്യത്യസ്ത പരസ്യനിരക്ക് ഈടാക്കിയത് എന്താണെന്ന ചോദ്യത്തോട് ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ പ്രതികരിച്ചില്ല. എന്നാല്‍, തങ്ങളുടെ നയങ്ങള്‍ എല്ലാവരോടും ഒരേപോലെയാണെന്നാണ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയഭേദം നോക്കാറില്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമാണ് കൂട്ടായ തീരുമാനമെടുക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.

Tags: